CrimeKeralaLatestNewsNews in Brief

എഎസ്‌ഐയുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

By web desk

മിഴ്നാട്-കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.യെ വെടിവെച്ചു കൊന്നത് തീവ്രവാദി സംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കലെന്ന് പോലീസ്. കൊല നടത്തിയ പ്രതികള്‍ മതതീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇവരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. എഎസ്‌ഐ വില്‍സണെ വധിച്ചവരുമായി കസ്റ്റഡിയിലായവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ തമിഴ്‌നാട് ക്രൂബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി വില്‍സണെ വധിച്ചവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരാണ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റിലായത്. ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്‌ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന്‍ കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച് വിവരമില്ല. അതേസമയം പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വല്‍സണെ കൊലപ്പെടുത്തിയത് തിരുവിതാംകോട് അടുപ്പുവിള പാര്‍ത്ത തെരുവില്‍ അബ്ദുള്‍ ഷമീം (25), നാഗര്‍കോവില്‍ സ്വദേശി തൗഫീക്ക് (27) എന്നിവരാണെന്ന് തമിഴ്നാട് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന തീവ്രവാദി സംഘടനയിലെ മൂന്നുപേരെ ചെന്നൈ പോലീസ് നേരത്തേ ബെംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകം നടത്തിയശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തില്‍നിന്നാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. സംഭവസമയത്ത് സമീപത്തെ കടയില്‍നിന്നു സാധനം വാങ്ങിക്കൊണ്ടിരുന്നയാളും പ്രതികളുടെ ചിത്രം തിരിച്ചറിഞ്ഞു. 2014-ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷമീം. ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൗഫീക്കെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ ആയുധം ഉപയോഗിക്കുന്നതില്‍ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. തോക്കില്‍നിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് ഇത് തെളിയിക്കുന്നതാണ്. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനു മുന്‍പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും പോലീസ് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം കേരളത്തിന്റെ ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം നടന്ന ഇരുവരും കാരാളി ഭാഗത്തേക്ക് പോകുന്നതായി വേബ്രിഡ്ജില്‍നിന്ന് ലഭിച്ച അവസാന സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ഇതനുസരിച്ച് സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പ്രതികളെ കണ്ടെത്താനുള്ള തമിഴ്‌നാട് പോലീസിന്റെ അന്വേഷണത്തില്‍ കേരള പോലീസും സഹകരിക്കും. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം.

പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 25-നും 30-നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികളെന്നു സംശയിക്കുന്ന അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍. അഞ്ചരയടിയോളം പൊക്കവും ആനുപാതിക വണ്ണവുമുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2722500, 9497900999 എന്നീ നമ്പറുകളില്‍ വിവരം നല്‍കണം. വിവരം നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തില്ല.

അതേസമയം തമിഴ്‌നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങള്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലകള്‍ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വിവരം. ഇവരില്‍ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടുപേര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവര്‍തന്നെയാണ് അവരെന്നാണ് സൂചന. ഇവരുടെ ചിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെല്‍വേലിയിലെ ഒരുസ്ഫോടനക്കേസില്‍ മുമ്പ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഇവര്‍ തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനയിലെ അംഗങ്ങളായതിനാല്‍ എന്‍.ഐ.എ.യും അന്വേഷണം നടത്തും. സംഘടനയുടെ പേര് തമിഴ്‌നാട് പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന ചെക്‌പോസ്റ്റും കൊല്ലപ്പെട്ട വില്‍സന്റെ വീടും തമിഴ്‌നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠി സന്ദര്‍ശിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close