LatestNationalNewsNews in Brief

നിയമസഭ ഉപതെരഞ്ഞെടുപ്പ്; കര്‍ണാടകയിൽ വിമത എം.എല്‍.എമാരുടെ ഭാവി തുലാസില്‍

By Web Desk

ർണാടകയിൽ  വിമത എം.എൽ.എമാരുടെ രാഷ്ട്രീയ ഭാവി തുലാസിൽ. കർണാടകയിലെ 15 സീറ്റിലേക്കുൾപ്പടെ രാജ്യത്തെ 64 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് വൈകുന്നതോടെയാണ് ഈ സാഹചര്യമുണ്ടായിരിക്കുന്നത്.

രണ്ട് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളും 64 ഉപതിരഞ്ഞെടുപ്പുകളും ഒക്ടോബർ 21 ന് ഒറ്റഘട്ടമായി നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചത്.

സെപ്തംബർ 30 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി 9 ദിവസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവർക്കുള്ള സാധ്യത വളരെ കുറവാണ്.

സെപ്തംബർ 23നാണ് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരിൽ ചിലർ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പി.എ എൻ.ആർ സന്തോഷിനെ സന്ദർശിച്ച് സഹായം അഭ്യർഥിച്ചതായാണ് സൂചനകൾ. തങ്ങൾക്ക് നൽകിയ വാദ്ഗാനം ബി.ജെ.പി പാലിക്കാത്തതിലുള്ള പ്രതിഷേധം ഇവർ സന്തോഷിനോട് രേഖപ്പെടുത്തിയതായാണ് സൂചന.

സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും സർക്കാർ നിസ്സഹായരാണെന്നുമായിരുന്നു സന്തോഷിന്റെ മറുപടി. അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യെദ്യൂരപ്പയും അങ്കലാപ്പിലാണ്. 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ നിലനിൽപ്പിനും നിർണായകമാണ്.

ജനരോഷം നേരിടുന്ന വിമത എം.എൽ.എമാരെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യില്ല എന്ന കണക്കുകൂട്ടലാണ് ബി.ജെ.പിക്കുമുള്ളത്. കുറഞ്ഞത് ആറ് സീറ്റിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്.

ഇപ്പോഴും കോൺഗ്രസിനും ജെ.ഡി.എസിനും നിർണായക സ്വാധീനം ഉള്ളവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളെന്നതും പ്രസക്തമാണ്. പക്ഷെ വിമതർക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ ഇവർ ബി.ജെ.പിക്ക് എതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കും എന്നതും ബി.ജെ.പിയെ അലട്ടുന്നുണ്ട്.

എല്ലാ രാഷ്ട്രീയ കക്ഷികളും ഉറ്റ് നോക്കുന്നത് സെപ്തംബർ 23ന് ഹർജി പരിഗണിക്കുന്ന സുപ്രീം കോടതിയിലേക്കാണ്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയാലും സ്പീക്കറുടെ നടപടി നിലനിൽക്കുന്നതിനാൽ വിമത എം.എൽ.എമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നാണ് ചില ഭരണഘടന വിദഗ്ധരുടെ പക്ഷം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close