CrimeKeralaLatestNewsNews in Brief

കെവിൻ വധം; വിധിപറയുന്നത് ഈ മാസം 24 ലേക്ക് മാറ്റി: കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെന്ന് കോടതി

By Web Desk

കെവിൻ വധക്കേസില്‍ കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിപറയുന്നത് ഈ മാസം 24 ആം തീയതിയിലോട്ടു മാറ്റിവെച്ചു. കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കോടതി. ആകെ 14 പ്രതികളുള്ള കേസിൽ 10 പേർക്കെതിരെയും കൊലക്കുറ്റം ചുമത്തി

ഇതിൽ നീനുവിന്റെ അച്ഛൻ ചാക്കോ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെക്കൂടി കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. നീനുവിന്റെ സഹോദരനടക്കം 10 പേർക്കെതിരെയും കൊലക്കുറ്റം ചുമത്തി.

നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. 2019 ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ 2019 ജൂലൈ 30 നാണ് പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ 238 രേഖകളുൾപ്പടെ അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ കാണിനില്ലെന്ന് അച്ഛൻ ജോസഫ് ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. ചര്‍ച്ചയാകുകയും വിഷയം മാധ്യമങ്ങളില്‍ വിവാദമായതോടെയാണ് നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

കെവിന്‍റെ സുഹൃത്തായ അനീഷിനെ ഷാനുവും കൂട്ടരും മര്‍ദ്ദിച്ചവശനാക്കി കോട്ടയത്തിനു സമീപം ക്രാന്തിക്കവലയിൽ ഉപേക്ഷിച്ചിട്ട് കടന്നു. അനീഷ് പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചുവെങ്കിലും ദ്രുതഗതിയിൽ നടപടിയുണ്ടായില്ല. അന്ന് തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോ പരാതിപെട്ടു. കെവിനൊപ്പം പോകണമെന്ന് നീനു പറഞ്ഞതിനാൽ കോടതി നീനുവിനെ കെവിന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

2018 മെയ് 28ന് പുലർച്ചെ പുനലൂർ ചാലിയക്കര തോട്ടിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛൻ ചാക്കോ ജോണിനെയും പിടികൂടി.

കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു.

12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. കെവിൻ വധം ദുരഭിമാനക്കൊലയെന്ന് കോടതി നിരീക്ഷിച്ചു. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറി. സസ്പെൻഷനിലായിരുന്നു എസ്ഐ എം എസ് ഷിബുവിനെ സർവ്വീസിൽ തിരിച്ചെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നടപടി മരവിപ്പിച്ചു. കെവിൻ മുങ്ങിമരിച്ചതല്ല, മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പൊലീസ് സർജൻമാർ കോടതിയിൽ മൊഴി നൽകി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close