CrimeKeralaLatestNewsNews in Brief

കൂടത്തായി; ഷാജു കസ്റ്റഡിയില്‍, ജോളിക്ക് ഉന്നത ബന്ധങ്ങളെന്ന് പോലീസ്

By web desk

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളെ വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നു വൈകിട്ടോടെ ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ഷാജുവിനെതിരേ ജോളി നിര്‍ണായക മൊഴി നല്‍കിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. തന്റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായമുണ്ടായിരുന്നതായും ജോളി മൊഴി നല്‍കിയിരുന്നു. പയ്യോളിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ നിന്ന് ഷാജുവില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പാകെ ഇയാളെ എത്തിച്ചത്. ഷാജുവിനെ ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് പിന്നാലെ ഷാജുവിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഷാജുവിന്റെ പിതാവ് സക്കറിയയും പോലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. രാഷ്ട്രീയ നേതാക്കളുമായി ജോളി നടത്തിയ പണമിടപാടിന്റെ രേഖകളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

വ്യാജവില്‍പത്രത്തിന് സാക്ഷിയായത് സിപിഎം നേതാവാണെന്നും വ്യാജരേഖ വച്ച് ഭൂമി ജോളിയുടെ പേരിലാക്കാന്‍ സഹായിച്ചത് ലീഗ് നേതാവാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വ്യാജ വില്‍പ്പത്രം തയാറാക്കുന്നതിന് അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സഹായിച്ചിരുന്നു. ഇവരൊക്കെ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുമായി ജോളി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍. വ്യാജവില്‍പത്രം ഉണ്ടാക്കിയത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ജോളിയുടെ ഉന്നതബന്ധങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്.

സ്വത്തുകള്‍ ജോളിയുടെ പേരിലാക്കി മാറ്റിയെഴുത്തിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്റേയോ ബന്ധുക്കള്‍ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. സിപിഎമ്മിന്റെ കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ് ഒരു സാക്ഷിയായി വില്‍പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കി. പണമിടപാടിന് ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ ഒരു വനിതാ തഹസില്‍ദാറാണ് വ്യാജവില്‍പത്രം ആധാരപ്പെടുത്തി സ്വത്തുകള്‍ ജോളിയുടെ പേരിലാക്കാന്‍ ഇടപെട്ടത്. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ടു. സ്വത്തുകള്‍ വ്യാജവില്‍പത്രം വച്ച് മാറ്റിയെഴുത്തിയ അറിഞ്ഞ റോയ് മാത്യുവിന്റെ സഹോദരന്‍ റോജോ രേഖകള്‍ ആവശ്യപ്പെട്ട് പലവട്ടം പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും മുസ്ലീം ലീഗ് നേതാവ് വഴി ജോളി നടത്തിയ നീക്കത്തെ തുടര്‍ന്ന് റോജോയ്ക്ക് രേഖകള്‍ ലഭിച്ചില്ല.

വിവരാവകാശ നിയമപ്രകാരം വരെ രേഖകള്‍ക്ക് അപേക്ഷിച്ചെങ്കിലും അപേക്ഷ നിഷേധിക്കപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവും ഇക്കാര്യത്തില്‍ ഇടപെട്ടു എന്നാണ് സൂചന. എന്നാല്‍ ഇയാളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇവരെ കൂടാതെ ഒരു അഭിഭാഷകനും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനും പൊലീസ് നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ബിഎസ്എന്‍എല്‍ ജീവനക്കാരന് കൊലപാതകങ്ങളില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് പോലും പൊലീസ് സംശയിക്കുന്നുണ്ട്.

റോയിയുടെ അച്ഛനമ്മമാരുടെ മരണശേഷം അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ജോളിയെ കാണാന്‍ വീട്ടില്‍ വന്നിരുന്നുവെന്ന് പൊന്നാമറ്റം വീട്ടിലെ ജോലിക്കാരനായിരുന്ന സുന്ദരന്‍ വെളിപ്പെടുത്തി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close