CrimeKeralaLatestNewsNews in Brief

കൂടത്തായി കേസ് ജോളിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു: കൊലക്കുറ്റവും ഗൂഢാലോചനയും; കുറ്റപത്രത്തിന് 8000 പേജ്; 246 സാക്ഷികള്‍

By Web Desk

കൂടത്തായി റോയി തോമസ് കൊലക്കേസില്‍ ജോളി അടക്കമുള്ള പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എണ്ണായിരം പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്നത്

റോയ് തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി കൊന്നുവെന്ന കേസില്‍ റോയിയുടെ ഭാര്യ ജോളിയമ്മ എന്ന ജോളി (47)യാണ് മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം എസ് മാത്യു (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), കെ മനോജ് എന്നിവരാണ് രണ്ടുമുതല്‍ നാലുവരെ പ്രതികള്‍.

ആകെ 246 സാക്ഷികളുള്ള കേസിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തലവന്‍ കോഴിക്കോട് റൂറല്‍ എസ്‌പി കെ ജി സൈമണ്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

റോയി കൊലക്കേസില്‍ ഡിഎന്‍എ പരിശോധന നിര്‍ബന്ധമില്ലെന്ന് എസ് പി പറഞ്ഞു. വ്യാജ ഒസ്യത്താണ് നിര്‍ണായക തെളിവ്. ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസ് കൊലപാതകത്തില്‍ പങ്കില്ലെന്നും കെ ജി സൈമണ്‍ പറഞ്ഞു.

2019 ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് കൊലക്കേസില്‍ ഭാര്യ ജോളിയെ അറസ്റ്റ് ചെയ്‌തത്. റോയ് തോമസ് സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായിരുന്നു. സമാന സ്വഭാവത്തിലുള്ള ആറ്‌ മരണങ്ങളില്‍ റോയ് തോമസിന്റെ കേസില്‍ മാത്രമാണ് മൃതദേഹം പരിശോധിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close