KeralaLatestNewsNews in Brief
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ; 22 ഇടത്ത് എൽഡിഎഫും 17 ഇടത്ത് യുഡിഎഫും 5 ഇടത്ത് ബിജെപിയും ജയിച്ചു
By Web Desk

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെ ഉള്ള 44 സീറ്റിൽ 22 സീറ്റ് എൽ.ഡി.എഫ് സ്വന്തമാക്കി. ബാക്കിയുള്ള 22 സീറ്റിൽ 17 ഇടത്ത് യു.ഡി.എഫും 5 ഇടത്ത് ബി.ജെ.പിയും വിജയിച്ചു. എൽ.ഡി.എഫിന്റെ 6 സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ യു.ഡി.എഫിന്റെ 3 സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫും വിജയിച്ചു.
കാസർകോട് ഒഴികെയുളള 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികളും സീറ്റുകൾ പിടിച്ചെടുത്തെങ്കിലും നഷ്ടം കൂടുതലുണ്ടായത് എൽ.ഡി.എഫിനാണ്.
6 സീറ്റുകൾ എൽ.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫിന്റെ 4 സീറ്റുകൾ മറ്റുളളവരും പിടിച്ചെടുത്തു. തൃശൂരിൽ എൽ.ഡി.എഫിന് കനത്ത പരാജയം നേരിട്ടു. തെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിൽ 4ഉം യു.ഡി.എഫ് തൂത്ത് വാരി. ഇതിൽ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡും രണ്ട് ഗ്രാമ പഞ്ചായത്ത് വാർഡുകളും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ്. ആലപ്പുഴ ചേർത്തല നഗരസഭയിലെ 29ആം വാർഡ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.
ആലപ്പുഴയിൽ 5 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 3 ഇടത്ത് ജയിച്ച് എൽ.ഡി.എഫ് മേൽക്കൈ നേടി. കോട്ടയത്ത് തെരഞ്ഞെടുപ്പ് നടന്ന 5 വാർഡിൽ 4 ഇടത്ത് യു.ഡി.എഫും 1 സീറ്റിൽ എൽ.ഡി.എഫും വിജയിച്ചു. കൊല്ലത്ത് 4 സീറ്റിൽ 3 എൽ.ഡി.എഫും 1 യു.ഡി.എഫും നേടി.
ഇവിടെ ഇരുമുന്നണിക്കും ഓരോ സീറ്റുകൾ നഷ്ടമായി. മലപ്പുറത്ത് 5 വാർഡുകളിൽ 3 വാർഡിൽ യു.ഡി.എഫും 2 വാർഡിൽ എൽ.ഡി.എഫും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് 2 ഇടത്ത് എൽ.ഡി.എഫും ഓരോ സീറ്റുകളിൽ കോൺഗ്രസും ബി.ജെ.പിയും വിജയിച്ചു.
പത്തനംതിട്ടയിലെ റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കമണ്‍ വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. വയനാട് മാണ്ടാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.അബ്ദുല്ല വിജയിച്ചു. ഇതോടെ മൂട്ടില് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നിലനിര്‍ത്താനാകും. ഇടുക്കിയിൽ തെരഞ്ഞെടുപ്പ് നടന്ന 4 വാർഡുകളിൽ 2 ഇടത്ത് എൽ.ഡി.എഫും 1 സീറ്റിൽ യു.ഡി.എഫും വിജയിച്ചു. തൊടുപുഴ നഗരസഭയിലെ 23ാം വാർഡ് ബി.ജെ.പി നിലനിർത്തി.