KeralaLatestNewsNews in Brief

മരടിലെ പൊടിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം; നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു

By web desk

ഫ്‌ളാറ്റ് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പൊടിശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരേ മരട് നഗരസഭയില്‍ നാട്ടുകാരുടെ പ്രതിഷേധം. പൊളിച്ചുനീക്കിയ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിനു സമീപത്തുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊടി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പരിസരനിവാസികള്‍ മരട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു.

പൊളിച്ച ഫ്‌ളാറ്റിന് സമീപവും റോഡിലും മാത്രമാണു ഫയര്‍ഫോഴ്‌സ് വെള്ളം തളിച്ചത്. സമീപ വീടുകളിലും വീട്ടുവളപ്പിലെ മരങ്ങളിലും പൊടി മൂടിയിരിക്കുകയാണ്. ഇതുകാരണം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു.

അടുക്കളയും പാത്രങ്ങളും എല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. ടാങ്കുകളില്‍ വെള്ളം നിറച്ചശേഷമാണ് വീടുകളില്‍നിന്ന് ഒഴിഞ്ഞുപോയയത്. എന്നാല്‍ കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച് ടാങ്കുകള്‍ പൊട്ടിപ്പോകുകയും വെള്ളം മുഴുവന്‍ ഒഴുകിപ്പോയതായും സ്ത്രീകള്‍ പറയുന്നു. വീടിന്റെ തറയെല്ലാം പൊടിമൂടിയിരിക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന പൊടി പോലും നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊടി മൂലം ത്വക്ക് രോഗങ്ങളും, ശ്വാസം മുട്ടലും അനുഭവപ്പെടുന്നു. ഇതിന് ഉടന്‍ പരിഹാരം വേണമെന്നും പരിസരനിവാസികള്‍ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിലൂടെ മരടിലെ നാല് ഫ്‌ലാറ്റുകള്‍ സര്‍ക്കാര്‍ പൊളിച്ച് നീക്കിയെങ്കിലും സര്‍ക്കാരിന് മുമ്പില്‍ തുടര്‍ നടപടികള്‍ ഇനിയും ഏറെയുണ്ട്. എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യേണ്ടത്. ഫ്‌ളാറ്റുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച നടപടികളും ഉടന്‍ പൂര്‍ത്തിയാക്കണം. പ്രോംറ്റ് എന്ന സ്വകാര്യ കമ്പനിയാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഏറ്റെടുക്കുക.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close