LatestNationalNewsNews in Brief

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; തീവ്രമേഖലകളിൽ മാത്രം നിയന്ത്രണം

രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ വീണ്ടും ഒരു മാസം കൂടി നീട്ടി ഉത്തരവിറക്കി കേന്ദ്രസർക്കാർ. ജൂൺ 30 വരെ കണ്ടെയ്ൻമെന്‍റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ജൂൺ എട്ടുമുതൽ കണ്ടെയ്ൻമെന്റ് പ്രദേശത്തിന് പുറത്തുള്ള ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സേവനവുമായി ബന്ധപ്പെട്ട മറ്റു സർവീസുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം.

പൊതുസ്ഥലങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സർക്കാരുകൾ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെയുള്ള നൈറ്റ് കർഫ്യൂ കർശനമായി തുടരും. അവശ്യസർവീസുകൾക്ക് കർഫ്യൂ ബാധകമല്ല. സംസ്ഥാനങ്ങൾ/തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകാം.

അന്തർസംസ്ഥാനയാത്രകൾക്ക് ഇനി നിയന്ത്രണങ്ങളില്ലെന്നാണ് പുതിയ മാർഗരേഖയിലുള്ളത് എന്നത് ഏറ്റവും ശ്രദ്ധേയമായത്. പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം തിങ്കളാഴ്ച മുതൽ, ഇല്ലാതാകുന്നു. പക്ഷേ, തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാ‍ർഗനിർദേശങ്ങൾ നിലനിൽക്കുന്നു. സ്വകാര്യവാഹനങ്ങളിൽ പാസ്സില്ലാതെ അന്തർസംസ്ഥാനയാത്രകൾ നടത്താം. പക്ഷേ പൊതുഗതാഗതത്തിൽ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം തുടരും . അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ എന്നിവ ഈ മേഖലയിൽ തുടരണം.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണുകൾക്ക് പുറമേയുള്ള ബഫർ സോണുകൾ കണ്ടെത്തുകയും ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

ലോക്ക്ഡൗണിൻ്റെ അഞ്ചാംഘട്ടത്തിൽ  കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണ് കാര്യമായ നിയന്ത്രണങ്ങൾ ഉള്ളത്.

അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തണമെങ്കിൽ അത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് ഏർപ്പെടുത്താം. പക്ഷേ മാർഗരേഖയിൽ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാനാകില്ല.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close