LatestNationalNewsNews in Brief

ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി, മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു

By web desk

ല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. മൗജ്പൂരിലും ബ്രഹ്മപുരിയിലും വ്യാപകമായ കല്ലേറുണ്ടായി. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ.24 ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കാണ് നെഞ്ചില്‍ വെടിയേറ്റത്. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമാറാമാനും നേരെ ആക്രമണമുണ്ടായി.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ കലാപകാരികള്‍ ബലംപ്രയോഗിച്ച് നശിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടയുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിലാണ് ഇവര്‍ സംസാരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ചിലരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. അരവിന്ദ് ഗുണശേഖര്‍ എന്ന എന്‍ഡിടിവി റിപ്പോര്‍ട്ടറെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. അരവിന്ദിന്റെ മുഖത്താണ് പ്രഹരമേറ്റത്. അരവിന്ദിനെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ട സഹപ്രവര്‍ത്തകന്‍ സൗരഭ് ശുക്ലയുടെ തലയ്ക്ക് അടിയേറ്റു. ആക്രമണത്തില്‍ അരവിന്ദിന് ഒരു പല്ല് നഷ്ടമായി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ടുപേരും ഇപ്പോള്‍ സുരക്ഷിതരാണ്.

സംഘര്‍ഷം നടക്കുന്ന മറ്റൊരിടത്തുവെച്ചാണ് എന്‍ഡിടിവിയിലെ വനിതാ മാധ്യമപ്രവര്‍ത്തക മരിയം അലവിയെ ആക്രമിച്ചത്. ശ്രീനിവാസന്‍ ജെയിന്‍ എന്ന സഹപ്രവര്‍ത്തകനൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മരിയം. അവര്‍ക്കൊപ്പമുണ്ടായിരുന്ന സുശീല്‍ രാഥീക്കും പരിക്കുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പലയിടത്തും ഡല്‍ഹി പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതായി ആരോപണമുണ്ട്. മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഒമ്പതുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ മൂന്നു ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അക്രമികള്‍ ആംബുലന്‍സുകള്‍ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സംഘര്‍ഷത്തില്‍ രാജ്യതലസ്ഥാനം സ്തംഭിച്ചിരിക്കുന്നത്. പ്രദേശത്ത് പത്തിടങ്ങളില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫ്രാബാദ് അടങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ പല ഭാഗങ്ങളിലും യുദ്ധസമാന സാഹചര്യമാണുള്ളത്. രാത്രിയാകെ സംഘര്‍ഷഭരിതമായിരുന്നു വടക്കു കിഴക്കന്‍ ഡല്‍ഹി. സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. അതിനിടെ ഡല്‍ഹിയില്‍ കലാപം നിയന്ത്രിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്രിവാള്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close