KeralaLatestNewsNewsNews in Brief

സിഐ നവാസിനെ തമിഴ്‌നാട് കരൂരില്‍ നിന്നും കണ്ടെത്തി; വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും

By Desk

വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ എറണാകുളം സെന്‍ട്രല്‍ സർക്കിൾ ഇൻസ്‌പെക്ടർ വി.എസ്. നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ ഒന്നരയോടെ നവാസ് ഫോണ്‍ ഓണാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ മനസിലായ കേരള പോലീസിന്റെ നിര്‍ദേശമനുസരിച്ചാണ് റെയില്‍വേ പോലീസ് നവാസിനെ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഇദ്ദേഹം അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ് സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്ന് രാവിലെയാണ് അദ്ദേഹത്തെ കാണാതായത്.

നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പരാതി നല്‍കിയിരുന്നു. തന്റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. കരൂര്‍ പോലീസ് സ്‌റ്റേഷനിലുള്ള നവാസിനെ കേരളത്തിലേക്ക് എത്തിക്കാനായി പാലക്കാട്ടു നിന്നുള്ള പോലീസ് സംഘം പോയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close