LatestNationalNewsNews in Brief

ഈ ദുരിത കാലത്തും ബുദ്ധന്റെ സന്ദേശങ്ങൾ പ്രാധാന്യമർഹിക്കുന്നു: നരേന്ദ്ര മോദി

By Web desk

ബുദ്ധപൂർണിമദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം. നി‍ർണായകമായ ഈ ഘട്ടത്തിൽ നമ്മുക്ക് കൊവിഡ് പോരാളികൾക്ക് നന്ദി പറയാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ഈ കാലത്തും ബുദ്ധന്റെ സന്ദേശങ്ങളായ കരുണയും സേവനവും സമർപ്പണവും അതിയായ പ്രാധാന്യമർഹിക്കുന്നു. കൊറോണ വൈറസിന്റെ ഈ പ്രയാസകരമായ സമയത്ത്, മറ്റുള്ളവരെ സഹായിക്കാനും ക്രമസമാധാനം പാലിക്കാനും രോഗബാധിതരെ സുഖപ്പെടുത്താനും ശുചിത്വം നിലനിർത്താനും സ്വന്തം സുഖസൗകര്യങ്ങൾ ത്യജിച്ച് 24 മണിക്കൂറും ജോലി ചെയ്യുന്ന നിരവധി ആളുകൾ നമുക്കുചുറ്റും ഉണ്ട്. അത്തരത്തിലുള്ള എല്ലാവരും ഈ ദിനത്തിൽ അഭിനന്ദനത്തിനും ബഹുമാനത്തിനും അർഹരാണ്.

അനുകമ്പ, ദയ, സമത്വം, സേവനം എന്നീ ബുദ്ധസന്ദേശങ്ങളാണ് ഇപ്പോൾ നമ്മൾ പ്രാവർത്തികമാക്കേണ്ടത്. അത് അനുസരിച്ച് ഇന്ത്യ എല്ലാവർക്കും പിന്തുണ നൽകുന്നു. പ്രതിസന്ധിയിൽ കൂടെ നിൽക്കുന്നു. ലാഭമോ നഷ്ടമോ നോക്കാതെ ശക്തരെന്നോ ദുർബലരെന്നോ നോക്കാതെ സാധ്യമായ രീതിയിൽ എല്ലാവരേയും പിന്തുണയ്ക്കുന്നു. ഇത് തുടരും.

പൗരന്മാരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയാണ് നാം, ക്ഷീണിക്കുമ്പോൾ നിർത്തുന്നത് ഒന്നിനും പരിഹാരമല്ല. സേവനമനോഭാവത്തോടുകൂടിയാണ് നാം പ്രവർത്തിക്കേണ്ടത്. കരുണയും സഹാനുഭൂതിയും സേവനമനോഭാവവും ഉണ്ടായാൽ ഏത് പ്രതിസന്ധിയേയും നമുക്ക് മറികടക്കാം. കൊവിഡിനെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടും, പ്രതിസന്ധിയെ അതിജീവിക്കും.

ബുദ്ധപൂർണിമ ദിനത്തിൽ നിങ്ങൾക്കൊപ്പം എല്ലാ ആഘോഷങ്ങളിലും പങ്കുചേരുന്നതാണ് എന്റെ സന്തോഷം. 2015ലും2018ലും ഡൽഹിയിലും 2017ൽ കൊളംബോയിലുമായി നിങ്ങൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ സാധിച്ചു. എന്നാൽ ഇപ്പോൾ മുഖത്തോട് മുഖം നോക്കാനാവാത്ത സാഹചര്യമാണ് നമുക്കുള്ളത്. പക്ഷെ നമ്മുടെ മനസ്സുകൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മനസ്സാണ് വലിയ കരുത്ത്.

ഇന്ത്യയുടെ ആത്മബോധത്തിന്റേയും ഇന്ത്യയെക്കുറിച്ചുള്ള ബോധത്തിന്റേയും പ്രതീകമാണ് ബുദ്ധൻ. ഇന്ത്യൻ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റെയും സമ്പുഷ്ടീകരണത്തിന് ശ്രീബുദ്ധൻ സംഭാവന നൽകി. ബുദ്ധൻ സ്വന്തം പ്രകാശമായിത്തീർന്നു, ജീവിത യാത്രയിൽ മറ്റുള്ളവരുടെ ജീവിതവും പ്രകാശിപ്പിച്ചു. ഇന്ന് കാലം മാറി, സാഹചര്യം മാറി, സ്ഥിതി മാറി. പക്ഷെ ബുദ്ധന്റെ സന്ദേശങ്ങൾ നമ്മുടെ ജീവിതത്തിൽ എക്കാലവും പ്രവഹിക്കുന്നു.

ലോകത്തെമ്പാടുമായി ബുദ്ധപൂർണിമ ആഘോഷങ്ങളും ചടങ്ങുകളും വിർച്വൽ ആയി നടക്കുന്നു. ഓൺലൈൻ ആയി സംപ്രേഷണം ചെയ്യുന്നു. നമുക്ക് പുതിയ അനുഭവമാണ് ഇത്. ഇത് പ്രാർത്ഥനയ്ക്കുള്ള ദിവസങ്ങളായി ആചരിച്ചുകൊണ്ട് കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമായി നിങ്ങൾ ഇത് മാറ്റിയിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. വിഷമമേറിയ ഘട്ടത്തിൽ നിന്ന് മോചനം ഉറപ്പാണെന്നും മോദി പറഞ്ഞു. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ സംസ്ക്കാരത്തിനുണ്ട്. ഇന്ത്യ നിസ്വാർത്ഥ സേവനമാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ഇന്ത്യ നിരവധി രാജ്യങ്ങളെയും സഹായിച്ചു. പല രാജ്യങ്ങളും ഇന്ത്യയുടെ സേവനത്തിനെത്തി. ഇന്ത്യയുടെ വികസനം ലോക പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും ലോകത്തിന്റെ ആകെ രക്ഷയ്ക്കാണ് ഇന്ത്യയുടെ ശ്രമമെന്നും മോദി പറഞ്ഞു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close