CrimeKeralaLatestNewsNews in Brief

നവാഗതരെ വരവേല്‍ക്കാന്‍ കോളേജില്‍ കുത്തിക്കൊല: മഹാരാജാസ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്നു; ഒരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍; 2 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ഇന്ന് പഠിപ്പുമുടക്ക്

റണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെയാണ് കൊലപ്പടുത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അര്‍ജ്ജുന്‍, വിനീത് എന്നീ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 19 വയസ്സുള്ള അര്‍ജ്ജുന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായി. അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ ഇരുപതോളം പേരടങ്ങുന്ന അക്രമികളിലൊരാള്‍ അഭിമന്യുവിനെ പിന്നില്‍ നിന്ന് പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റ അഭിമന്യു അപ്പോള്‍തന്നെ മരിച്ചു. 20 വയസ്സായിരുന്നു. രസതന്ത്രം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അഭിമന്യു.

പരിക്കേറ്റ അര്‍ജ്ജുന്‍, വിനീത് എന്നിവരെ തൊട്ടടുത്തുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജ്ജുന്റെ നില ഗുരുതരമായതിനാല്‍ ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണവുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. കോട്ടയം സിഎംഎസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹിയാണ് ബിലാല്‍. കസ്റ്റഡിയിലുള്ള രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളല്ലെന്ന് പോലീസ് അറിയിച്ചു. അക്രമിസംഘത്തില്‍ മറ്റു പതിനഞ്ചോളം പേര്‍ കൂടി ഉണ്ടെന്നാണ് മൊഴി. സംഭവം നടന്നയുടനെ അക്രമിസംഘാംഗങ്ങള്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരപരിധിയിലുടനീളം പോലീസ് രാത്രിവാഹന പരിശോധന നടത്തിയിരുന്നു.

കോളേജ് മതിലില്‍ ചുവരെഴുത്തുനടത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതുമായും ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. തിങ്കളാഴ്ച്ച തുടങ്ങുന്ന അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ തയ്യാറാക്കിയ ബോര്‍ഡുകള്‍ ക്യാംപസ് ഫ്രണ്ടുകാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി എസ്എഫ്‌ഐ ആരോപിക്കുന്നു. അതേസമയം, ക്യാംപസ് ഫ്രണ്ട് ചുവരെഴുത്തു നടത്തിയ അതേ ഇടത്ത് എസ്എഫ്‌ഐ വര്‍ഗ്ഗീയത എന്നെഴുതിവച്ചു എന്നും ആരോപണമുണ്ട്്.

ഹോസ്റ്റലിലും പരിസരപ്രദേശങ്ങളിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാനസമിതി അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close