CrimeKeralaLatestNewsNewsNews in Brief

രാജ്യത്ത് വീണ്ടും ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊല: തമിഴ് നാട്ടില്‍ ദളിത് യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

By Web Desk

മിഴ് നാട്ടില്‍ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ദളിത‌് യുവതിയെ വിവാഹം കഴിച്ച് ജീവിച്ച യുവാവിനെ സ്വന്തം സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. എതിര്‍ക്കാന്‍ ശ്രമിച്ച യുവതിക്കും വെട്ടേറ്റു. മേട്ടുപ്പാളയത്തെ ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകന്‍ കനകരാജാണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു. കനകരാജിന്‍റെ ജ്യേഷ്ഠന്‍ വിനോദാണ് കൊല നടത്തിയത്. മേട്ടുപ്പാളയത്ത് ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.

കനകരാജും പതിനെട്ടുകാരിയായ ദളിത് യുവതി വിനോദിനിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിന് കനകരാജിന്‍റെ കുടുംബാംഗങ്ങള്‍ സമ്മതിക്കാത്തതിനാല്‍ ഇരുവരും സമീപത്തെ ഗ്രാമത്തില്‍ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങുകയായിരുന്നു. ഇതറിഞ്ഞ് സഹോദരൻ വിനോദ് താമസ സ്ഥലത്തെത്തി കനകരാജുമായി വഴക്കുണ്ടാക്കി. വാക്കുതർക്കം മൂർച്ഛിച്ചതോടെ വിനോദ് കനകരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ വിനോദിനിയെ മേട്ടുപാളയം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയശേഷം വിനോദ് ഓടി രക്ഷപ്പെട്ടു.

പൊലീസ‌് അന്വേഷണം ആരംഭിച്ചു. സംഭവം ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നത്. തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും ജാതീയമായ അന്ധവിശ്വാസങ്ങളും തൊട്ടുകൂടായ്മകളും തുടരുകയാണ്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close