LatestNationalNewsNews in Brief

രാജ്യത്തെ വിഭജിച്ചത് നെഹ്‍റു; പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് തീറെഴുതിക്കൊടുത്തു: അമിത് ഷാ

By web desk

രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിന് കാരണമായി. വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്ന് അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്‍റെ ചർച്ചക്കിടെയാണ് നെഹ്‍റുവിനെതിരെ അമിത് ഷായുടെ ആരോപണം.

രാഷ്ട്രീയത്തിനതീതമായി ജമ്മു കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാണെന്നും, ബിജെപി അതിന് തയ്യാറാകുമോ എന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. ഇതിന് മറുപടിയായാണ്, ദേശസുരക്ഷയാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമെന്നും, അതിന് തുരങ്കം വച്ചത് നെഹ്‍റുവാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയത്.

ലോക്സഭയിൽ ഇന്ന് അമിത് ഷായുടെ കന്നി ബില്ല് അവതരണമായിരുന്നു. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം അനുച്ഛേദം ആവശ്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരു പദവി മതി. ഒരു സംസ്ഥാനത്തിന് പ്രത്യേക അധികാരം നൽകേണ്ടതില്ല, അമിത് ഷാ പറഞ്ഞു.

ബഹളത്തിന് ശേഷം കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടുന്ന പ്രമേയവും കശ്മീര്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്ന ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close