EntertainmentKeralaLocalNewsNews in Brief

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കലാദീപം തെളിയിക്കാന്‍ മമ്മൂട്ടിയെത്തുന്നു: കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മമ്മൂട്ടി നിര്‍വ്വഹിക്കും; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ഇന്ന് എത്തും

By Web Desk

ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകീട്ട് 6.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി സംഗീതക്കച്ചേരി അവതരിപ്പിക്കും.

ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം ന​ഗരസഭയുടെ 32 വാർഡിലും പൊങ്കാല നടത്തിപ്പിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരസഭയുടെ നേതൃത്വത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണി, നിർമാണ പ്രവർത്തനം, അഴുക്കുചാൽ ശുചീകരിക്കണം എന്നിവ ദ്രുതഗതിയില്‍ പൂർത്തീകരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. വൈകിട്ട് 3.30ന് ആറ്റുകാൽ ട്രസ്റ്റ് ഓഫീസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടക്കും.
.
പരിസ്ഥിതിസൗഹൃദമായി പൊങ്കാല ആഘോഷിക്കാന്‍ ഹരിതചട്ടം നിർബന്ധമാക്കിയിട്ടുണ്ട‌്. പൊങ്കാലയ്ക്ക് ഉപയോ​ഗിച്ച ഇഷ്ടികകൾ ശേഖരിച്ച് പാവപ്പെട്ടവർക്കുള്ള വീട് നിർമാണത്തിന് നൽകാനാണ് തീരുമാനം. ഇതിന് നഗരസഭ മുൻകൈ എടുക്കും. കഴിഞ്ഞ വർഷം പത്തിലേറെ പേർക്ക‌് ഇത്തരത്തില്‍ ഇഷ്ടിക നൽകിയിരുന്നു. പൊങ്കാലയ്ക്ക് വരുന്നവർ ഇഷ്ടികകൾ പൊട്ടിപ്പോകാതെ ഒരുസ്ഥലത്ത് ഒന്നിച്ച് അടുക്കിവയ‌്ക്കണമെന്ന‌് നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്.

പൊങ്കാലയ‌്ക്കെത്തുന്നവര്‍ക്കായി കെഎസ്ആർടിസി ചെയിൻ സർവീസ‌് നടത്തും. പ്രത്യേക ട്രെയിനുകൾ സർവീസ‌് ഉണ്ടാകുമെന്ന‌് റെയിൽവേയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക പാസഞ്ചർ സർവീസ‌ുകളുണ്ടാകും. എക‌്സ‌്പ്രസ‌് ട്രെയിനുകൾക്ക‌് പൊങ്കാലദിവസം തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ എല്ലാ സ‌്റ്റേഷനുകളിലും സ‌്റ്റോപ്പനുവദിച്ചിട്ടുണ്ട്.

ശുചിത്വമിഷന്റെ ഹരിതചട്ടം പാലിച്ച‌് അന്നദാനം നടത്തുന്ന സംഘടനകൾ, വ്യക്തികൾ തുടങ്ങിയവയ്ക്ക് നഗരസഭ ഇത്തവണ അവാർഡ് നൽകും. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് കളക്ടർ പുറത്തിറക്കിയ ഉത്തരവ് ചൊവ്വാഴ്ച്ച നിലവില്‍ വരും. പൊങ്കാലയുടെ പ്രചാരണങ്ങൾക്ക് ഫ്ളക്സ് പൂർണമായി ഒഴിവാക്കും. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തെ പ്ലാസ്റ്റിക് പാക്കറ്റുകൾ പ്രത്യേകം ശേഖരിച്ച് വൃത്തിയാക്കി നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിൽ ഏൽപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം അതത് സംഘടനകൾതന്നെ സജ്ജമാക്കണം. ഹരിത ചട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക‌് 500 അം​ഗ സന്നദ്ധ പ്രവർത്തകരുമായി ഗ്രീൻ ആർമി പ്രവര്‍ത്തനത്തിനിറങ്ങും. പൊങ്കാല കഴിഞ്ഞാൽ ഉടൻതന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ 2250 ജീവനക്കാരെയാണ് ന​ഗരസഭ നിയോ​ഗിച്ചിട്ടുള്ളത്
.
പൊങ്കാലയ‌്ക്കെത്തുന്നവരുടെ സുരക്ഷയ‌്ക്കായി 3500 പൊലീസുകാരെയാണ് നിയോഗിക്കുക. ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാചുമതല നിർവഹിക്കാൻ 2000 വനിതാ പൊലീസുകാരുമുണ്ടാവും. സിസിടിവി ക്യാമറകൾക്കുപുറമെ ഇത്തവണ ഡ്രോൺ കാമറ ഉപയോഗിച്ചും നിരീക്ഷണം നടത്തും. കിള്ളിപ്പാലം പിആർഎസ് ജങ‌്ഷനിൽനിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാപാതയാക്കും.

ആറ്റുകാൽ പൊങ്കാലയ‌്ക്ക‌് മുന്നോടിയായ‌ി കോർപറേഷൻ പരിധിയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ ഉടമസ്ഥർ 15 നകം വൃത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾ കോട്ടൺ വസ്ത്രംമാത്രം ധരിക്കണം, താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്ന കടകളിൽ ഒരു പാചകവാതക സിലിണ്ടറില്‍ കൂടുതല്‍ സൂക്ഷിക്കരുത്.

പൊങ്കാലയിൽ പങ്കെടുത്ത് തിരിച്ചുവരുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി കുടിവെള്ളമോ ഭക്ഷണമോ നൽകാൻ പാടില്ല, ദീപാലങ്കാരം നടത്താനാവശ്യമായ വൈദ്യുതി ഗാർഹിക കണക്ഷനിൽനിന്ന‌് എടുക്കരുത് തുടങ്ങിയ നിർദേശങ്ങളും നല്‍കിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close