LatestNationalNewsNews in BriefWorld

ചന്ദ്രയാൻ 2; ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെങ്കിലും പ്രതീക്ഷകളേറെ; നേട്ടങ്ങൾ ഒട്ടനവധി

By web desk

നൂറ്റി മുപ്പത്തഞ്ചു കോടി ജനങ്ങളുടെ പ്രതീക്ഷ, 47 ദിവസത്തെ യാത്ര, നാലു ലക്ഷം കിലോമീറ്റർ കുതിച്ചെത്തി. ചന്ദ്രന്റെ പ്രതലത്തിൽ നിന്നും 2.1 കിലോമീറ്റർ മാത്രം മുകളിൽ നിൽക്കെ  ഭൂമിയിലെ ഇസ്‌റോ കേന്ദവുമായി ബന്ധം നഷ്ടപ്പെട്ടുവെന്നതു കൊണ്ട് ചന്ദ്രയാൻ 2 ദൗത്യം പരാജയമെന്ന് പറയാനാകില്ല. കാരണം ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ ഇനിയുമേറെ നാൾ ചന്ദ്രനെ വലം ചെയ്ത് വിവരങ്ങൾ പങ്കുവയ്ക്കും. അതോടൊപ്പംതന്നെ ഒട്ടനവധി നേട്ടങ്ങൾ ചന്ദ്രയാൻ വഴി ലോകത്തിന് തന്നെ ലഭ്യമായി.

മുൻപ്രതീക്ഷകളുടെ ധാരണ അൽപമെങ്കിലും പാളിയത് ചന്ദ്രയാൻ 2 ദൗത്യത്തിലെ ഒരു ഘടകത്തിനു മാത്രമാണ്. ലാൻഡർ ഇറങ്ങുന്നതിനിടെ ചന്ദ്രനിലെ പൊടിപടലമുയർന്നത് മുതൽ ആന്റിനയുടെ ദിശാമാറ്റം വരെ പല വിശകലനങ്ങളും ഇതേക്കുറിച്ച് വരുന്നുണ്ട്. ഇതെന്തായാലും ഇനിയും പ്രതീക്ഷ കൈവിടേണ്ട എന്നാണ് വിലയിരുത്തൽ. ചന്ദ്രനു ചുറ്റും വലയം ചെയ്യുന്ന ഓർബിറ്ററിന്റെ സിഗ്നലുകളോട് ലാൻഡർ പ്രതികരിക്കാൻ ഇനിയും സാധ്യതയേറെ.

ഒരു വർഷത്തോളം ഓർബിറ്റർ ചന്ദ്രന്റെ നിരവധി ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും. ഒരു പക്ഷെ ലാൻഡറിന്റെ നില വിലയിരുത്താനും ഈ ചിത്രങ്ങൾ വഴിതെളിക്കാം. വിക്രം ലാൻഡറിൽ നിന്നു പുറത്തു സഞ്ചരിക്കേണ്ട റോവറിന് രണ്ടാഴ്ച മാത്രമാണ് നിലനിൽപ്പ്.

ജിഎസ്എൽവി മാർക് 3 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 2 നെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായ വിക്ഷേപിക്കാനായത് തന്നെ വലിയ നേട്ടമാണ്. സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിലാണ് പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തൽ. മറിച്ചൊന്നു ചിന്തിച്ചാൽ എന്തെല്ലാം പ്രതിസന്ധികളാണ് ചാന്ദ്രദൗത്യത്തിൽ നമ്മുടെ ശാസ്ത്രസമൂഹം നേരിട്ടത്. മറ്റു രാജ്യങ്ങളുടെ ചാന്ദ്രദൗത്യങ്ങളിലൂടെ ചന്ദ്രനിൽ ഇതിനകം സമഗ്രമായി വിലയിരുത്തപ്പെട്ടതും സുരക്ഷിവുമായ പ്രതലങ്ങളിലൊന്നിൽ ദൗത്യത്തിന് ഇറങ്ങാനാകുമായിരുന്നു. എന്നാൽ അതിൽ നിന്ന് മാറി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അറിയപ്പെടാത്ത മേഖലയിൽ ഇറങ്ങാൻ ശ്രമിച്ചുവെന്ന വേറിട്ട ധൈര്യം മാത്രം മതി ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് കയ്യടി നൽകാൻ.

റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയിട്ടുള്ളത്. അതും ഇന്ത്യൻ ദൗത്യത്തിന്റെ ചെലവു പരിഗണിച്ചാൽ പതിന്മടങ്ങ് പണം മുടക്കിയും. ചെലവിലെ അന്തരം വിലയിരുത്തിയാൽ ചന്ദ്രയാൻ 2 ദൗത്യത്തിന് മുടക്കേണ്ടതായി വന്നത് 140 മില്യൺ ഡോളറാണ്. യുഎസ് ചാന്ദ്രദൗത്യമായ അപ്പോളോയ്ക്ക് 100 ബില്യൺ ഡോളറാണ് ചെലവു വന്നതെന്നതും ഇവിടെ ചേർത്തുവായിക്കണം.

തദ്ദേശീയമായ ഉപകരണങ്ങൾ ഉപയോഗിച്ച് തികഞ്ഞ സാങ്കേതികതികവോടെ നിരവധി ബഹിരാകാശദൗത്യങ്ങൾ മറ്റു രാജ്യങ്ങളുടേതിന് പത്തിലൊന്ന് ചെലവിൽ വിജയിപ്പിച്ച ചരിത്രം ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് അർഹതപ്പെട്ടതാണ്. ചന്ദ്രയാൻ രണ്ടിലും സ്വന്തം സാങ്കേതികവിദ്യയാണ് രംഗത്തിറക്കിയതെന്നതും ഇവിടെ ചേർത്തുവായിക്കണം.

പരാജയം ജയത്തിന്റെ ചവിട്ടുപടിയാണെന്നത് സൂചിപ്പിക്കുന്ന പ്രതികരണമാണ് ഇസ്റോയുടെ ഇസ്ട്രാക്ക് മിഷൻ ഓപ്പറേഷൻ സെന്ററിൽ ദൗത്യം വീക്ഷിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതും. ധൈര്യം കൈവിടേണ്ടതില്ലെന്നും ശാസ്ത്രസമൂഹത്തിന്റെ സംഭാവനകളിൽ അഭിമാനമുണ്ടെന്നും രാജ്യം ഒപ്പമുണ്ടെന്നുമായിരുന്നു ആ വാക്കുകൾ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close