CricketNationalNewsNews in BriefSportsWorld

ഓസീസിനെ ഇന്ത്യ കീഴടക്കിയതിന്‍റെ ആവേശത്തില്‍ വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് ആരാധകര്‍: കള്ളമല്യേ രാജ്യത്തോട് മാപ്പു പറയൂ എന്ന് പ്രതിഷേധക്കാര്‍

By Web Desk

ലോകകപ്പിൽ ഓസ്ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാംവിജയം നേടിയ ഇന്ത്യയുടെ പ്രകടനം കണ്ട് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ആരാധകര്‍ വിവാദ മദ്യവ്യവസായി വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് പ്രതിഷേധിച്ചു.

മത്സരത്തിനു ശേഷം സ്റ്റേഡിയത്തിന് പുറത്തെത്തിയ മല്യയെ ഹിന്ദിയില്‍ ചോര്‍ ചോര്‍ (കള്ളന്‍ കള്ളന്‍) എന്നു വിളിച്ചാണ് ഇന്ത്യന്‍ ആരാധകരായ കാണികളില്‍ ചിലര്‍ പ്രതിഷേധിച്ച് പറഞ്ഞയച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സ്റ്റേഡിയത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആളുകളുടെ പ്രതിഷേധം. കള്ളനെന്ന് വിളിക്കുന്നതിനിടെ ‘ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറയണം’ എന്നും പ്രതിഷേധിക്കുന്നവരില്‍ ഒരാള്‍ പറയുന്നുണ്ട്.

ഓവല്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ മകന്‍ സിദ്ധാര്‍ഥ് മല്യക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിജയ് മല്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനു നിശ്ചിത ഓവറിൽ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായ ആവേശകരമായ കാഴ്ചയാണ് സ്റ്റേഡിയം ഒരുക്കിയത്. ഓസീസിനായി സ്റ്റീവ് സ്മിത്ത്(70 പന്തിൽ 69), വാർണർ(84 പന്തിൽ 56) എന്നിവർ പൊരുതിനോക്കിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.

ആരംഭ കൂട്ടുകെട്ടിൽ സ്കോർ 61ൽ എത്തിനിൽക്കേ 36 റൺസ് എടുത്ത് ഫിഞ്ച് പുറത്തായെങ്കിലും വാർണറും സ്മിത്തും ചേർന്ന് പോരാട്ടം മുന്നോട്ടു കൊണ്ടുപോയി. വാർണർ 56 റൺസെടുത്ത് 24ആം ഓവറിൽ പുറത്തായെങ്കിലും പിന്നീടെത്തിയ ഉസ്മാൻ ഖവാജ 39 പന്തിൽ 42 റൺസെടുത്ത് സ്മിത്തിന് മികച്ച പിന്തുണ നൽകി. 36ആം ഓവറിൽ ബുംറയുടെ പന്തിൽ ഖവാജ പുറത്തായെങ്കിലും പിന്നീടെത്തിയ മാക്‌സ്‌വെൽ സ്മിത്തുമായി ചേർന്ന് സ്കോറിങ് വേഗം ഉയർത്തി.

ഒരുവേള ഓസീസ് ജയിക്കുമെന്ന നിലയിലെത്തിയപ്പോളാണ് ഭുവനേശ്വർ കുമാറിന്റെ 39ആം ഓവറിൽ സ്മിത്തും ആറാമനായി ഇറങ്ങിയ സ്റ്റോയ്‌നിസും പുറത്തായത്.. തൊട്ടടുത്ത ഓവറിൽ മാക്സ്‌വെല്ലിനെ(14 പന്തിൽ 28) യുസ്‌വേന്ദ്ര ചഹൽ പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ കളത്തിലാകുകയായിരുന്നു.

അവസാന ഓവറുകളിൽ അലക്സ് കാരെ പുറത്താകാതെ (35 പന്തിൽ 55) ജീവന്മരണ പോരാട്ടം നടത്താൻ ശ്രമിച്ചെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യക്കായി ബുംറ, ബുവനേശ്വർ കുമാർ എന്നിവർ മൂന്നും ചഹൽ രണ്ടും വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 എന്ന ഭീമന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഇന്ത്യക്കായി ശിഖർ ധവാൻ (117) സെഞ്ചുറിയും വിരാട് കോഹ്ലി( 82) രോഹിത് ശർമ( 57) എന്നിവർ അർദ്ധ സെഞ്ചുറിയും പാണ്ഡ്യ 48 റൺസും നേടി.

നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ വീഴ്ത്താനായതിന്‍റെ ആത്മവിശ്വാസത്തോടെ ഇന്ത്യ ഇനി ന്യൂസിലന്‍ഡിനെ നേരിടും.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close