KeralaLatestNewsNews in Brief

പ്രളയ ബാധിത മേഖലകളിൽ മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും

By web desk

പ്രളയ ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതല്ലാത്തിടങ്ങളിൽ ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്താകെ 1654 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,87,585 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. തിങ്കളാഴ്ച മഴ മാറി നിന്നതിനാല്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച ഊര്‍ജിതമായി. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു

രാവിലെ എട്ടുമണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗ്ഗം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. അവിടുന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഹെലികോപ്റ്ററിൽ പോകും. റോഡുമാര്‍ഗ്ഗം ദുരിതബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററിൽ മലപ്പുറത്തെത്തും. അവിടെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദര്‍ശനം.

വയനാട് എം.പി രാഹുല്‍ഗാന്ധി ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ഇന്നു വിലയിരുത്തി. കേരളം നേരിടുന്ന പ്രളയ ദുരിതം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളേട് പറഞ്ഞു. വയനാട് മാത്രമല്ല കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയ ദുരിതം നേരിടുകയാണ്. ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പാക്കണം. എല്ലാവരും ഒന്നിച്ചാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നിനെയും രാഷ്ട്രീവത്കരിക്കരുത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close