KeralaLatestNewsNews in Brief

സംസ്ഥാനത്ത് മഴ ശക്തമാകും; തീരമേഖലയില്‍ വ്യാപക കടല്‍ക്ഷോഭം

By web desk

വായു ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെ തുടര്‍ന്ന് സംസ്ഥനത്ത് ഇന്നും ശക്തമായ മഴ. സംസ്ഥാനത്തെ തീരമേഖലകളില്‍ കടുത്ത കടല്‍ക്ഷോഭം ഇന്നും തുടരുകയാണ്. നൂറുകണക്കിന് വീടുകളിലാണ് ഇന്ന് വെള്ളം കയറിയത്. കടല്‍ഭിത്തി കെട്ടാത്തതില്‍ പ്രതിഷേധിച്ച് ചെല്ലാനത്തും താനൂരിലും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

സംസ്ഥാനവ്യാപകമായി തീരമേഖലകളില്‍ കനത്ത കടല്‍ക്ഷോഭമാണ് ഇന്നലെയും ഇന്നും റിപ്പോര്‍ട്ട് ചെയ്തത്. കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് താനൂരിലെ മത്സ്യത്തൊഴിലാളികള്‍ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊന്നാനി, ആറാട്ടുപുഴ, അമ്പലപ്പുഴ, കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. പൊന്നാനിയില്‍ 12 വീടുകള്‍ പൂര്‍ണമായും അന്‍പത് വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

ചെല്ലാനം കടപ്പുറം സന്ദര്‍ശിക്കാന്‍ എത്തിയ എറണാകുളം ജില്ലാ കളക്ടര്‍ മഴക്കെടുതി നേരിടുന്ന മത്സ്യത്തൊഴിലാളികളെ കണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാവഞ്ഞത് പ്രതിഷേധത്തിന് കാരണമായി. ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ രണ്ടു ദിവസത്തിനകം ജിയോ ബാഗ് സ്‌ഥാപിക്കും സമര സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശം ജലസേചന വകുപ്പിന് നല്‍കിയിട്ടുണ്ട്.

കടല്‍ക്ഷോഭം തടയാന്‍ നേരത്തെ കെട്ടിയ കടല്‍ഭിത്തി തകര്‍ന്നത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. കല്ല് കൊണ്ടുള്ള ദ്രോണാചാര്യ മോഡൽ പുലിമുട്ട് എന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. വീടുകളില്‍ വെള്ളം കയറിയ മത്സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകില്ലെന്നും അവര്‍ക്ക് വാടകയ്ക്ക് വീട് എടുക്കാന്‍ ധനസഹായം നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

അതേസമയം കടൽ ക്ഷോഭം നേരിടാൻ ജനകീയ സമിതികൾ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കരാറുകാർക്ക് പകരം മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പദ്ധതിയുടെ ഏകോപന ചുമതല ജില്ലാ കളക്ടര്‍ വഹിക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close