BusinessKeralaLatestNationalNewsNews in Brief

റിപോ നിരക്കനുസരിച്ചുള്ള എസ്.ബി.ഐ ഭവനവായ്പ ഇന്ന് മുതൽ നടപ്പാകും

By Web Desk

റിസർവ് ബാങ്ക് അടിസ്ഥാന നിരക്ക്കൂടിയാൽ ഉടൻ പലിശ കൂട്ടുന്ന ബാങ്കുകൾ, തിരിച്ചായാൽ പലിശ കുറയ്ക്കില്ലെന്ന പരാതികൾക്ക് ഏറെ പഴക്കമുണ്ട്. ഇതിനു പരിഹാരമായി ആർ.ബി.ഐ നിർദേശപ്രകാരം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐ ഭവനവായ്പകൾ റിസർവ് ബാങ്കിന്റെ റിപോ നിരക്കിനോടു ബന്ധിപ്പിക്കുകയാണ്. തിങ്കളാഴ്ച മുതൽ ഇത് നടപ്പാകും.

താല്പര്യമുള്ളവർക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാം. നിലവിലുള്ള എം.സി.എൽ.ആർ രീതിയും പ്രാബല്യത്തിലുണ്ടാകും. ബാഹ്യഘടകങ്ങളെ അടിസ്ഥാനമാക്കി പലിശ നിരക്ക് നിശ്ചയിക്കണമെന്ന റിസർവ് ബാങ്ക് നിർദേശത്തെത്തുടർന്നാണ് നടപടി. ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായപ്കളുടെ പലിശയാണ് റിപോ. റിപോയുമായി ഭവനവായ്പാനിരക്ക് ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് എസ്.ബി.ഐ. പലിശ നിർണയം സുതാര്യമാക്കുകയാണ് ഇതു ലക്ഷ്യമിടുന്നത്.

വാർഷികവരുമാനം ആറുലക്ഷം രൂപയിലധികമുള്ളവർക്കാണ് റിപോ അധിഷ്ഠിത ഭവനവായ്പ ലഭിക്കുക. അവശേഷിക്കുന്ന വായ്പത്തുകയുടെ മൂന്നുശതമാനം വർഷംതോറും തിരിച്ചടയ്ക്കുന്ന രീതിയിലാകും ഇതിൽ
ഇ.എം.ഐ. നിശ്ചയിക്കുക. പലിശ നിരക്ക് റിപോ പ്രകാരം മാറിക്കൊണ്ടിരിക്കുമെന്ന് എസ്.ബി.ഐ അധികൃതർ പറഞ്ഞു. ഇ.എം.ഐ. സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തിറക്കും. നിർമാണത്തിലുള്ള വീടുകൾക്കുള്ള മൊറട്ടോറിയം കാലാവധി രണ്ടു വർഷമടക്കം പരമാവധി തിരിച്ചടവു കാലാവധി 35 വർഷമായിരിക്കും.

ആർ.ആർ.എൽ.ആർ പദ്ധതി പ്രകാരം റിപോ നിരക്കിലും 2.25 ശതമാനം അധിക പലിശയാകും ഈടാക്കുക. കൂടാതെ വായ്പയെടുക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് കണക്കാക്കുന്ന റിസ്ക് സ്‌കോറിന്റെ അടിസ്ഥാത്തിൽ 0.45 ശതമാനം മുതൽ 0.55 ശതമാനം വരെ അധിക പലിശയും ഈടാക്കും.

നിലവിൽ 5.75 ശതമാനമാണ് റിപോ നിരക്ക്. ഇതിനൊപ്പം 2.25 ശതമാനം അധിക നിരക്കുകൂടി ചേർത്താൽ എട്ടു ശതമാനമാകും. റിസ്‌ക് സ്‌കോർ 1,2,3 വിഭാഗത്തിലുള്ളവർക്ക് 0.40 ശതമാനം കൂടി ചേർത്താൽ 8.40 ശതമാനം നിരക്കിൽ ഭവനവായ്പ ലഭിക്കും. റിസ്‌ക് സ്‌കോർ 4,5,6 വിഭാഗത്തിലുള്ളവർക്കിത് 8.55 ശതമാനമാകും. 75 ലക്ഷം രൂപവരെയുള്ള വായ്പ്കൾക്കാണ് ഇത് ബാധകമാകുക. അതിനുമുകളിലുള്ള വായ്പകൾക്കു റിസ്ക് സ്കോറിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ മാറ്റമുണ്ടാകും. കൂടാതെ ആസ്തിമൂല്യത്തിന്റെ 80 ശതമാനത്തിൽ കൂടുതലുള്ള വായ്പയ്ക്ക് 0.20 ശതമാനം അധിക പലിശയും ഈടാക്കും

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close