EntertainmentKeralaNationalNewsWorld

ജയില്‍പ്പുള്ളികളുടെ കത്തുകള്‍ പരസ്യമാക്കിക്കൊണ്ട് ചലച്ചിത്രമേള

By Web Desk

രുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ആറിന് തിരശ്ശീല ഉയരുന്നത് ജയില്‍പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച സിനിമയുടെ പ്രദര്‍ശനത്തോടെ. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ളാന്‍ സംവിധാനംചെയ്ത ‘പാസ്സ്ഡ് ബൈ സെന്‍സര്‍’ ആണ് പ്രദര്‍ശിപ്പിക്കുക. ടര്‍ക്കിഷ് സംവിധായകനായ കരാസ്ളാന്‍റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മൂന്നു തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് ശശി തരൂര്‍ എം.പി മേയര്‍ കെ ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്യും. ഡെയ്ലി ബുള്ളറ്റിന്‍ വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധുവിന് നല്‍കി പ്രകാശനം ചെയ്യും. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘പാസ്ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും.

‘മൂന്നാംലോക സിനിമ’ എന്ന വിപ്ളവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്യാമറയെ സമരായുധമാക്കിയ സൊളാനസിന്‍റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സമാപനച്ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. സൊളാനസ് ജി. അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close