CricketLatestNationalNewsNews in BriefSportsWorld

ഇന്ത്യക്ക് വമ്പൻ വിജയം; വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച; ഇന്ത്യക്ക് 125 റൺസിന്റെ വിജയം

By web desk

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ ജയിക്കാൻ 50 ഓവറിൽ 269 വേണ്ട വെസ്റ്റിൻഡീസിന് ദയനീയമായ ബാറ്റിങ് തകർച്ച. വിന്‍ഡീസിനെ 125 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം വിജയം സ്വന്തമാക്കി. 269 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി. ക്രിസ് ഗെയ്ൽ (6), സുനിൽ ആംബ്രിസ് (31), ഷായി ഹോപ് (5), നിക്കോളസ് പൂരൻ (28), ജേസൺ ഹോൾഡർ (6), കാർലോസ് ബ്രാത്​വെയ്റ്റ് (1), ഫാബിയൻ അല്ലെൻ (0), ഹെറ്റ്മെയർ (18) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ബ്രാത്​വെയ്റ്റിനെയും അല്ലെനെയും ഭൂംറ അടുത്തടുത്ത പന്തുകളിലാണ് മടക്കിയത്.

അർധ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ കോലിയുടെയും മുൻ നായകൻ എം. എസ്. ധോനിയുടെയും മികവിലാണ് ഇന്ത്യ വിൻഡീസിനെതിരേ 268 റൺസ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റണ്‍സിനിടയില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. പിന്നീട് രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 48 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നീട് ക്രീസിലെത്തിയ വിജയ ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. 14 റണ്‍സെടുത്ത വിജയ് ശങ്കർ റോച്ചിന് മുന്നില്‍ കീഴടങ്ങി. തൊട്ടുപിന്നാലെ ഏഴു റണ്‍സോടെ കേദര്‍ ജാദവും ക്രീസ് വിട്ടു. അതു റോച്ചിനായിരുന്നു വിക്കറ്റ്, അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും എം.എസ് ധോനിയും ഒത്തുചേര്‍ന്നു. ഇരുവരും 40 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍ 39-ാം ഓവറില്‍ 72 റണ്‍സുമായി കോലി മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു ധോനിയുടെ രക്ഷാപ്രവര്‍ത്തനം. 49-ാം ഓവറില്‍ ഹാര്‍ദിക് പുറത്താകുമ്പോഴേക്കും സ്‌കോര്‍ ബോര്‍ഡില്‍ 70 റണ്‍സ് കൂടി ഉയര്‍ന്നു. പിന്നീട് അവസാന ഓവറില്‍ ധോനി രണ്ടു സിക്‌സും ഒരു ഫോറും നേടി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 61 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ധോനിയുടെ ഇന്നിങ്‌സ്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close