CrimeKeralaLatestLocalNewsNews in Brief

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ജപ്തിഭീഷണി മാത്രമല്ല ആത്മഹത്യക്ക് കാരണം; അമ്മയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; മരണത്തിന് കാരണം ഭര്‍ത്താവും അമ്മായിയമ്മയും സഹോദരിമാരുമെന്ന് ആത്മഹത്യാക്കുറിപ്പ്; എല്ലാവരും കസ്റ്റഡിയില്‍

By Web Desk

ലയാളി മനസ്സാക്ഷിയെ നടുക്കിയ നെയ്യാറ്റിന്‍കരയിലെ ലേഖ എന്ന അമ്മയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യക്ക് പിന്നിലെ കാരണത്തില്‍ വഴിത്തിരിവ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍, മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മയെയും ഭര്‍ത്താവിന്റെ സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അല്പം മുമ്പുവരെ, കാനറ ബാങ്കില്‍ നിന്നുള്ള ജപ്തിഭീഷണിയാണ് മരണകാരണമെന്നായിരുന്നു പൊതുവേ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയില്‍ കാണപ്പെട്ട ആത്മഹത്യാക്കുറിപ്പ് സംഭവങ്ങളെ മറ്റൊരു ദിശയിലേക്ക് നയിച്ചിരിക്കുകയാണ്.

എന്റെയും മോളുവിന്റെയും മരണകാരണം കൃഷ്ണനും ശാന്തയും കാശിയും ചന്ദ്രനുമാണ് എന്നാണ് ആത്മഹത്യാക്കുറിപ്പിന് പുറമേ ഭിത്തിയില്‍ എഴുതിയിരിക്കുന്നത്. ചന്ദ്രനാണ് ലേഖയുടെ ഭര്‍ത്താവ്. ചന്ദ്രന്റെ അമ്മയാണ് കൃഷ്ണമ്മ. സ്ത്രീധനത്തുകയുടെ പേരില്‍ തന്നെയും മകളെയും കൊന്നുകളയുമെന്ന് ഇവരെല്ലാം നിരന്തരം പേടിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. പ്രധാനമായും വധഭീഷണി മുഴക്കിയിരുന്നത് കൃഷ്ണമ്മയാണ്. കാനറാ ബാങ്കില്‍ നി്ന്നുള്ള ജപ്തി ഭീഷണിയെത്തുടര്‍ന്ന് കടം തീര്‍ക്കാന്‍ വീട് വില്‍ക്കുന്നതിന് ഒരു കാരണവശാലും തന്നെയും മകളെയും അനുവദിക്കില്ലെന്ന് ഇവര്‍ ഭീഷണി മുഴക്കിയതായും കുറിപ്പില്‍ പറയുന്നുണ്ട്.

വസ്തുതര്‍ക്കവും കുടുംബകലഹങ്ങളും ചേര്‍ന്ന് ആകെ അസ്വസ്ഥരായിരുന്ന ലേഖയെയും വൈഷ്ണവിയെയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണി കൂടിയായപ്പോള്‍ ആത്മഹത്യയല്ലാതെ നിര്‍വ്വാഹമില്ല എന്ന അവസ്ഥയിലേക്കെത്തിച്ചുവെന്ന് വേണം കരുതാന്‍.

തങ്ങള്‍ക്കെതിരെ ഇവര്‍ ദുര്‍മന്ത്രവാദം അടക്കമുള്ളവ നടത്തിയിരുന്നതായും കടം തീര്‍ക്കാന്‍ ഭര്‍ത്താവ് താല്പര്യമെടുത്തിരുന്നില്ലെന്നും കടങ്ങളുടെ പേരില്‍ എല്ലാവരും തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ആത്മഹത്യ നടന്ന മുറി ഇന്ന് രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പും ഭിത്തിയിലെഴുതിയ വരികളും കണ്ടത്. ആത്മഹത്യയെത്തുടര്‍ന്ന് അപ്പോള്‍തന്നെ പോലീസ് വിദഗ്ധ പരിശോധനകള്‍ക്ക് വേണ്ടി വീട് പുറത്ത് നിന്ന് പൂട്ടിയിരുന്നു. ഇക്കാരണത്താലാണ് കഴിഞ്ഞ ദിവസം മറ്റുതരത്തിലുള്ള പരിശോധനകള്‍ നടത്താതിരുന്നതെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനാകിതിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട വൈഷ്ണവി എന്നു പേരുള്ള വീട്ടിലെ ചന്ദ്രന്റെ ഭാര്യ 42 വയസ്സുള്ള ലേഖയും 19 വയസ്സുള്ള മകള്‍ വൈഷ്ണവിയും തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വസ്തുവും സ്ഥലവും വിറ്റ് എങ്ങനെയെങ്കിലും ജപ്തിഭീഷണിയില്‍ നിന്ന് രക്ഷ്‌പ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഇവര്‍ ആത്മാഹുതി ചെയ്തതെന്നായിരുന്നു പൊതുവേയുള്ള നിഗമനം. ബാങ്കിന്റെ കടുത്ത സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. എന്നാല്‍ ആ സമ്മര്‍ദ്ദത്തിനൊപ്പം കുടുംബപ്രശ്‌നങ്ങലും സ്ത്രീധനത്തര്‍ക്കവും എല്ലാം ചേര്‍ന്നാണ് ഒരമ്മയെയും മകളെയും ഈ ഭൂമുഖത്ത് നിന്ന് സ്വയം ഇല്ലാതാവാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close