CrimeKeralaLatestNationalNewsNews in Brief

മാവോയിസ്‌റ്റുകളെ പൊതുധാരയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി; മഞ്ചിക്കട്ടിയിലെ മരണങ്ങൾ ഏറ്റുമുട്ടലിൽ തന്നെയെന്നും വാദം

By Web Desk

തെറ്റായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലേക്ക് പോയവരെ തിരുത്തിക്കൊണ്ട് ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മഞ്ചിക്കട്ടിയിൽ തണ്ടർബോൾട്ട്‌ ടീമിനുനേരെ മാവോയിസ്‌റ്റുകൾ വെടിയുതിർത്തതിനെത്തുടർന്നാണ്‌ സ്വയരക്ഷക്കായി തിരികെ വെടിവയ്‌ക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസ് മറുപടി പറയുകയായിരുന്നു അദ്ദേഹം:

മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണ്ണരൂപം:

തിങ്കളാഴ്‌ച (28.10.2019) പുലര്‍ച്ചെ 4.20 മണി മുതല്‍ അഗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്വണ്ടിയാര്‍ക്കെണ്ടി വനമേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘം. ഉച്ചയ്ക്ക് 12.20ഓടെ മേലെ മഞ്ചിക്കണ്ടി വനത്തില്‍ ഏകദേശം 25 കിലോമീറ്റര്‍ ഉള്ളിലുണ്ടായിരുന്ന ഷെഡ്ഡില്‍ നിന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടവര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സ്വയരക്ഷക്കായി തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്ക് തിരികെ വെടിവെയ്ക്കേണ്ടി വന്നു. സംഘടനയില്‍പ്പെട്ട 3 പേര്‍ മരണപ്പെടുകയും അവര്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തിന് അരീക്കോട് കേരള ആന്റി ടെറര്‍ സ്ക്വാഡ് ക്യാമ്പ് സബ് ഇന്‍സ്പെക്ടറുടെ മൊഴി പ്രകാരം വിവിധ വകുപ്പുകള്‍ അനുസരിച്ച് അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. അടുത്തദിവസം മരണപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികൾക്കിടെ വനത്തില്‍ ഒളിഞ്ഞിരുന്ന മാവോയിസ്റ്റുകള്‍ പൊലീസിനും, ഒറ്റപ്പാലം അസിസ്റ്റന്റ് കലക്‌ടര്‍, തഹസീല്‍ദാര്‍, മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍, തുടങ്ങിയവര്‍ക്കും നേരെ വെടിയുതിര്‍ത്തു. പൊലീസ് തിരികെ വെടിവച്ചതിലാണ്‌ ഒരു മാവോയിസ്റ്റ് കൂടി മരണപ്പെട്ടത്‌. എ കെ 47 റൈഫിള്‍ ഉള്‍പ്പെടെയുള്ള അത്യന്താധുനിക മാരകായുധങ്ങള്‍ മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഏതൊരു സാഹചര്യത്തിലായാലും മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. ഈ സംഭവത്തിന് കൃത്യമായ ഒരു പശ്ചാത്തലമുണ്ട്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി രൂപീകരിച്ചതായി 2013ന്റെ തുടക്കത്തില്‍തന്നെ റിപ്പോര്‍ട്ടുകളുണ്ട്. കേരള, കര്‍ണ്ണാടക, തമിഴ്നാട് അതിര്‍ത്തി വനത്തിനുള്ളില്‍ ഇത്തരം സംഘങ്ങളുടെ സാന്നിദ്ധ്യം ഉള്ളതായും ഇവരുടെ കൈകളില്‍ വിദേശനിര്‍മ്മിത എ.കെ 47, എ.കെ 56 തുടങ്ങിയ ആയുധങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രികളും ഉള്ളതായുള്ള വിവരം അക്കാലത്തു തന്നെ സഭയുടെ ശ്രദ്ധയില്‍ വന്നിട്ടുള്ളതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലും ഇതിന്റെ പ്രവര്‍ത്തനങ്ങളെ തടയിടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ ആന്റി നക്സല്‍ സ്ക്വാഡിനും 2014 ല്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി തലവനായി കേരള ആന്റി ടെറര്‍ സ്ക്വാഡിനും രൂപം നല്‍കിയിരുന്നു.

ജനാധിപത്യപരമായ രാഷ്ട്രീയം വികസിച്ചുവന്ന കേരളത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ പുറത്തുനിന്നും പരിശീലനം സിദ്ധിച്ച മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്‌. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി മുമ്പോട്ടുപോകുന്നവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി പൊതുധാരയിലേക്ക് വരാന്‍ സന്നദ്ധമാകുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തെറ്റായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലേക്ക് പോയവരെ തിരുത്തി ജനാധിപത്യ രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന കാഴ്ചപ്പാടുതന്നെയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതേസമയം സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കുക എന്നതും ജനാധിപത്യ ജീവിതക്രമം നിലനിര്‍ത്തുകയും ചെയ്യുക എന്ന ഭരണഘടനാപരമായ ചുമതല സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സ്വാഭാവികമായും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായുള്ള നിലപാട് പൊലീസിന് സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായിക്കൂടിയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും പ്രവര്‍ത്തനങ്ങളും നമ്മുടെ സംസ്ഥാനത്ത് ഇല്ലാതെ പോയത്. ഈ സംഘങ്ങളുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടേയും സുരക്ഷാസേനാംഗങ്ങളുടേയും എത്രയേറെ ജീവന്‍ കവര്‍ന്നിട്ടുണ്ട് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. അതേ സംഘടന തന്നെയാണ് കേളത്തിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത് തടയുക സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്.

ജനാധിപത്യപരമായ അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. ഈ കഴിഞ്ഞ ദിവസമുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗരേഖകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close