KeralaLatestNewsNews in Brief

‘വികാരാധീന എംഎൽഎ’ മാരെ മിണ്ടിപ്പിച്ചില്ല: അപാകതയില്ലെന്ന് കോടിയേരി

By Web Desk

പ്രളയബാധിത മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതില്‍ അപാകതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ന്‍. മണ്ഡലത്തിന് വേണ്ടിയല്ല പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് എം.എല്‍.എമാരെ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതേക്കുറിച്ച് അവര്‍ക്കും പരാതികളില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി.

ഏതെങ്കിലും മണ്ഡലത്തില്‍ മാത്രമൊതുങ്ങിയ പ്രശ്‌നമല്ല പ്രത്യേക നിയമസഭാ സമ്മേളനം ചര്‍ച്ച ചെയ്തത്. അതുകൊണ്ട് തന്നെ സജി ചെറിയാനും രാജു എബ്രഹാമിനും സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ അപാകതയില്ലെന്നാണ് കോടിയേരിയുടെ മറുപടി. ആശങ്കയുടെ ഘട്ടത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രതികരണമായിരുന്നുവെന്ന് അവര്‍ തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ആരൊക്കെ സംസാരിക്കണമെന്നത് അതാത് പാര്‍ട്ടികളുടെ നിയസഭാ സമിതിയാണ് തീരുമാനമെടുക്കുന്നത്. അവസരം ലഭിക്കാത്തതില്‍ അവര്‍ക്കും പരാതികളില്ലെന്നും കോടിയേരി പറഞ്ഞു.

പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ചെങ്ങന്നൂരില്‍ നിന്നുള്ള സജിചെറിയാനും, റാന്നി എം.എല്‍.എ രാജു എബ്രഹാമിനും കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നത് ചര്‍ച്ചയായിരുന്നു. രക്ഷാപ്രവര്‍ത്തന സമയത്ത് പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നവരാണ് ഇരുവരും. സൈന്യം ഇറങ്ങിയില്ലെങ്കില്‍ പതിനായിരം പേര്‍ മണ്ഡലത്തില്‍ മരിക്കുമെന്ന് സജി ചെറിയാന്‍ വികാരാധീനനായി പ്രതികരിച്ചിരുന്നു. ഡാം തുറന്നത് മുന്നറിയിപ്പുകളില്ലാതെ ആണെന്നായിരുന്നു രാജു എബ്രഹാമിന്റെ വിമര്‍ശനം. തന്റെ പ്രസ്ഥാവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് രാജു എബ്രഹാം പിന്നീട് വിശദീകരിക്കുകയും ചെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close