EntertainmentKeralaLifeLocalNews

വിവാഹജീവിതത്തെ സേവനമാക്കിയ മഹാദമ്പതികള്‍: ഡോ. പുനലൂര്‍ സോമരാജനും ഭാര്യയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി മനുഷ്യസ്നേഹികള്‍

By Web Desk

സാമൂഹ്യ സേവന-ജീവകാരുണ്യ രംഗത്ത് കേരളത്തിന് മഹാമാതൃകകളായ രണ്ട് ഉത്തമദമ്പതികളുടെ വിവാഹ വാര്‍ഷികമാണിന്ന്. പ്രമുഖ ഗാന്ധിയന്മാരും സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകരുമായ ഡോ. പുനലൂര്‍ സോമരാജന്‍റെയും ഭാര്യ പ്രസന്ന സോമരാജന്‍റെയും സംതൃപ്ത മാതൃകാ ദാമ്പത്യത്തിന് ഇന്ന് മുപ്പത്തഞ്ചു വര്‍ഷങ്ങളുടെ മാധുര്യം. പത്തനാപുരം ഗാന്ധി ഭവനില്‍ ഇന്നും അന്തേവാസികള്‍ക്കൊപ്പം സേവനത്തിന്‍റെ മധുരം പകര്‍ന്നുകൊണ്ട് ഇരുവരും വിവാഹവാര്‍ഷികം അങ്ങേയറ്റം ലളിതമായി ആഘോഷിച്ചു. സംസ്ഥാനമെങ്ങും നിന്നുള്ള മനുഷ്യസ്നേഹികളും ജീവകാരുണ്യ പ്രവര്‍ത്തകരും ഇന്ന് അദ്ദേഹത്തിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ ഏകി.

വിവാഹം മുപ്പത്തിയഞ്ചുവര്‍ഷം മുമ്പായിരുന്നെങ്കിലും പതിനാറുവര്‍ഷം മുമ്പ് തുടങ്ങിയതാണ് പുനലൂര്‍ സോമരാജന്‍ എന്ന മഹാമനുഷ്യസ്‌നേഹിയുടെയും അദ്ദേഹത്തിന്‍റെ നേര്‍പാതി തന്നെയായ ഭാര്യ പ്രസന്ന സോമരാജന്‍റെയും ജീവകാരുണ്യ-സാമൂഹ്യപ്രവര്‍ത്തന ജീവിതം. ബാല്യകാലത്തില്‍ തന്നെ തങ്ങള്‍ക്ക് സേവന മനോഭാവം ഉണ്ടായിരുന്നെങ്കിലും അത് ഒത്തൊരുമിച്ച് നിര്‍വ്വഹിക്കാന്‍ ഈശ്വരന്‍ അവസരമൊരുക്കിയത് വിവാഹശേഷമാണെന്ന് ഇരുവരും ഏകമനസ്സായി പറഞ്ഞു.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയെ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന് ഭക്ഷണവും വസ്ത്രവും അഭയവും നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ കൈക്കുഞ്ഞിന് മുതല്‍ 104 വയസ്സുള്ള മുത്തശ്ശിക്കുവരെ ഗാന്ധിഭവന്‍ സംരക്ഷണം നല്‍കുന്നുണ്ട്.

വിഭിന്നശേഷിയുള്ളവര്‍, യാചകരായിരുന്നവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, ആലംബഹീനര്‍, ഗോരബാധിതര്‍, എച്ച്. ഐ.വി ബാധിതര്‍, മനോനില തെറ്റിയവര്‍ തുടങ്ങി ആയിരത്തിഇരുനൂറിലധികം പേര്‍ക്കാണ് ഇപ്പോള്‍ ഗാന്ധിഭവന്റെ തണലില്‍, ഈ ദമ്പതികളുടെ സുരക്ഷയില്‍ അഭയം ലഭിച്ചിരിക്കുന്നത്.

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകളും ആദരങ്ങളും അംഗീകാരങ്ങളും നേടിയ ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്ന പദവിയുള്ളപ്പോളും ഡോ. പുനലൂര്‍ സോമരാജന്‍ വിനീതനായി പത്നിയെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പറയുന്നത് ആ നേട്ടങ്ങളിലെല്ലാം പ്രസന്നയുടെ ആത്മാര്‍പ്പണത്തിന്‍റെ വിയര്‍പ്പുതുള്ളികള്‍ ഉണ്ടെന്നാണ്. ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിലടക്കം ഇടം നേടിയ ഡോ. പുനലൂര്‍ സോമരാജന്‍റെ ജീവകാരുണ്യ-സേവന ദൗത്യങ്ങള്‍ക്കെല്ലാം കരുത്ത് പകരുന്നത് പ്രസന്ന സോമരാജനാണ്.

ഏഷ്യയിലെ ഏറ്റവും ബൃഹത്തായ മതേതര ജീവകാരുണ്യ കുടുംബവും ആലംബമറ്റവരുടെ അഭയസ്ഥാനവുമായി വിശേഷിപ്പിക്കപ്പെടുന്ന പത്തനാപുര ഗാന്ധിഭവന്റെ സാരഥിയായ ഡോ. പുനലൂര്‍ സോമരാജന്‍ ഇതുവരെ നേടിയത് വിലപ്പെട്ട 270 അവാര്‍ഡുകളാണ്.

പുനലൂര്‍ സോമരാജന്റെ സാരഥ്യത്തിലുള്ള പത്തനാപുരം ഗാന്ധിഭവന്‍ നേരത്തേതന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമെന്ന നിലയില്‍ 2017ലാണ് ഈ നേട്ടം ഗാന്ധിഭവനെ തേടിവന്നത്. അതേവര്‍ഷം തന്നെ ഗാന്ധിഭവന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും സ്ഥാനം നേടിയിരുന്നു.

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, സഹോദരങ്ങള്‍ ഉപേക്ഷിച്ചവര്‍, വികലാംഗര്‍, രോഗികള്‍, കുട്ടികള്‍, വിധവകള്‍, ക്യാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി ബാധിച്ചവര്‍, തുടങ്ങി ഈ ഗാന്ധിഭവന്‍ എന്ന അഭയത്തണലില്‍ ഇടം നേടിയ കുടുംബാംഗങ്ങളുടെ പട്ടിക നീളുകയാണ്. പക്ഷേ, ഈ ദമ്പതികളുടെ ആദ്യ ദൗത്യം അഭയം തേടി വരുന്ന എല്ലാവര്‍ക്കും എല്ലാവരും ഉണ്ടെന്ന് തെളിയിക്കുകയാണ്

ഭാര്യ പ്രസന്നാ സോമരാജനും മക്കളായ അമല്‍രാജും അമിതാരാജും ഡോ. പുനലൂര്‍ സോമരാജന് സേവനത്തിന്‍റെ പാതയില്‍ വെളിച്ചമാകുന്നു. ഗാന്ധിഭവന്‍ പ്രസിദ്ധീകരിക്കുന്ന സ്‌നേഹരാജ്യം എന്ന ജീവകാരുണ്യ മാസികയുടെ മുഖ്യ പത്രാധിപരും ഗാന്ധിഭവന്റെ വൈസ്‌ചെയര്‍മാനുമാണ് അമല്‍രാജ്. അമിത മറ്റ് ജീവകാരുണ്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. വിവാഹ വാര്‍ഷികത്തിന്‍റെ ഈ ദിനത്തില്‍ അന്തേവാസികളെല്ലാം മക്കള്‍ തന്നെയാണെന്നും മക്കളുടെ സ്നേഹവാത്സല്യങ്ങളാണ് അവര്‍ ചൊരിയുന്നതെന്നും പുനലൂര്‍ സോമരാജനും പ്രസന്ന സോമരാജനും പറഞ്ഞു. അവരെയെല്ലാം സാക്ഷി നിര്‍ത്തിക്കൊണ്ട് ഇരുവരും പറഞ്ഞു, ‘ഇതുവരെയും സഫലമീ യാത്ര. ഇനിയും സഫലമാവട്ടെ എല്ലാവരുടെയും യാത്ര. ‘


.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close