CrimeKeralaLatestLocalNewsNews in Brief

സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍റെ കൊലപാതകം: 7 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

By Web Desk

ണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ കേസിലാണ് വിധി. തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.

പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് ശിക്ഷിച്ചത്. എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് മുമ്പേ മരിച്ചിരുന്നു.

പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയടയ്ക്കുകയാണെങ്കില്‍ പകുതി തുക കൊല്ലപ്പെട്ട പവിത്രന്റെ കുടുംബത്തിന് നല്‍കാനും കോടതിവിധിച്ചു. ജീവപര്യന്തം തടവിന് പുറമെ അന്യായമായി സംഘം ചേര്‍ന്നതിന് നാലു മാസവും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് രണ്ട്‌വര്‍ഷവും ആയുധവുമായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് മൂന്ന്‌വര്‍ഷവും തടഞ്ഞുവെച്ച് ആക്രമിച്ചതിന് ഒരു മാസവും ശിക്ഷയും വിധിച്ചു. എന്നാല്‍ ഇതേ കേസില്‍ ഇവര്‍ നേരത്തേതന്നെ ജയിലില്‍ കിടന്നതിനാല്‍ ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കും.

പൊന്ന്യം നായനാര്‍ റോഡിലേക്ക് പാല്‍ വാങ്ങാന്‍ നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ നാമത്ത്മുക്ക് അങ്കണവാടിക്ക് അടുത്തുവച്ചാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. പാല്‍പാത്രം ഉപേക്ഷിച്ച് മുണ്ടാണി രാജീവന്‍ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയവര്‍ തലക്കും കൈകാലുകള്‍ക്കും വെട്ടുകയായിരുന്നു. നാലാംദിവസം പവിത്രന്‍ കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

23 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകന്‍ വിപിന്‍, ഏഴാംപ്രതി വിജിലേഷിനെ തിരിച്ചറിയല്‍പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ എന്നിവര്‍ സാക്ഷികളില്‍ ഉള്‍പ്പെടുന്നു. 48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാര്‍ ഹാജരാക്കി. 17 രേഖകളാണ് പ്രതിഭാഗം ഹാജരാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ ജീവനക്കാരന്‍ മുണ്ടാണി രാജീവന്‍റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഒന്നാംപ്രതി പ്രശാന്ത് തലയുടെ പിന്നില്‍വെട്ടിയത്. വാള്‍, വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ അക്രമം നടത്തിയത്. മുണ്ടാണി രാജീവനാണ് പ്രധാന സാക്ഷി.

പാറക്കണ്ടി പവിത്രന്‍
Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close