KeralaLocal

ഹരിവരാസന രചയിതാവ് കോന്നകത്ത് ജാനകിയമ്മയുടെ തറവാട്ടുകാവില്‍ പുനരുദ്ധാരണം തുടങ്ങി: കാവിനെ ജീര്‍ണ്ണാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ കര്‍മ്മപദ്ധതി

By Web Desk

പ്രസിദ്ധമായ ഹരിവരാസന കീര്‍ത്തനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ തറവാടായ ചേര്‍ത്തല പുറക്കാട് പുന്തല കോന്നകത്ത് കുടുംബം വക കാവിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തലമുറകളായി വെച്ചാരാധന നടത്തിപ്പോന്നിരുന്ന കാവിനെ ജീര്‍ണ്ണാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്കാണ് തുടക്കമായത്.

നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും കരിനാഗത്തിനും ഭഗവതിക്കും അമ്മാവനും ഉചിതമായ ആലയങ്ങളില്ലാതെ ക്ഷയോന്മുഖമായിരിക്കുകയാണെന്ന് അഷ്ടമംഗല്യപ്രശ്നത്തില്‍ തെളിഞ്ഞതായി കുടുംബയോഗം സെക്രട്ടറി എസ്. ഹരികുമാറും ജോയിന്‍റ് സെക്രട്ടറി എം. അഭിലാഷ് കുമാറും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാവ് ക്ഷയോന്മുഖമായതിനാല്‍ കുടുംബാംഗങ്ങൾക്കിടയിൽ അനർത്ഥങ്ങൾ ഉണ്ടാവുന്നതായി ജ്യോത്സ്യൻ വടാതോട്ടത്ത് സതീഷ് കുമാറിന്റേയും ശ്രീക്കുട്ടൻ തിരുമേനിയുടേയും മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ അഷ്ടമംഗല്യപ്രശ്നത്തില്‍ തെളിഞ്ഞിരുന്നതായും സെക്രട്ടറി വ്യക്തമാക്കി.

ചേർത്തലയിൽ നടത്തിയ ആദ്യ കുടുംബയോഗ തീരുമാനപ്രകാരം 2019 ജൂണ്‍ മുതലാണ് പരിഹാര ക്രിയകള്‍ക്ക് തുടക്കമായത്. ഹരിവരാസനം ആദ്യമായി ആലപിച്ച പുറക്കാട് ആനന്ദേശ്വരം ശിവക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, കാടാമ്പുഴ ദേവീക്ഷേത്രം, ഇടപ്പള്ളി ഗണപതി ക്ഷേത്രം, വെട്ടിക്കാട് ശിവക്ഷേത്രം, ശാസ്താംകോട്ട ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രം, ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രായശ്ചിത്ത വഴിപാടുകള്‍ നടത്തി.

ഒപ്പം അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഭജനവും ബ്രാഹ്മണയൂട്ടും വസ്ത്രമൂല്യദാനവും നടത്തി. ഇരുപതോളം ക്ഷേത്രങ്ങളിലാണ് കുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തിയത്. പ്രായശ്ചിത്തത്തിന്‍റെ ഭാഗമായി കുടുംബാംഗങ്ങള്‍ സെപ്തംബര്‍ 28-29 തിയ്യതികളില്‍ ആഴ്വാഞ്ചേരി മഠത്തിലെത്തി നമ്പികൂര്‍ വഴിപാട് നടത്തും. പരദേവതാസ്ഥാനം വൃത്തിയാക്കി നിർമ്മാണഘട്ടത്തിലേയ്ക്ക് കടന്നതായും കുടുംബയോഗം ഭാരവാഹികള്‍ വ്യക്തമാക്കി.

ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയത് കോന്നകത്ത് ജാനകിയമ്മയാണെന്ന് പത്രമാധ്യമങ്ങളിലൂടെ ചരിത്രപരമായി തെളിയിക്കപ്പെട്ടതോടെയാണ് കോന്നകത്ത് കുടുംബം അറിയപ്പെട്ടു തുടങ്ങിയത്. അഞ്ചുഭാഷകളില്‍ ഹരിവരാസന ചരിത്രം പരിഭാഷ ചെയ്യുന്ന പ്രവര്‍ത്തനം ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇതിനോടനുബന്ധമായി പുരോഗമിക്കുകയാണ്.

Like
Like Love Haha Wow Sad Angry
17
Tags
Show More

Related Articles

Close
Close