EntertainmentEnviromentKeralaLatestLifeNewsNews in Brief

പ്രളയത്തെയും അതിജീവിക്കുന്ന പ്രതീക്ഷയുടെ തിരുവോണം

എല്ലാ വായനക്കാർക്കും പ്രേക്ഷകർക്കും ടി വി സംസ്‌കാരയുടെ ഓണാശംസകൾ.

മത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഒരുമയുടേയും സന്ദേശവുമായി ഇന്ന് തിരുവോണം. പ്രളയത്തിന്റെ കെടുതി ആഘോഷങ്ങളെ തല്ലിക്കെടുത്തിയെങ്കിലും തിരുവോണം മലയാളിയ്ക്ക് ഒഴിവാക്കാനാകുന്നതല്ല.

ഭീകര പ്രളയം കഴിഞ്ഞ് നാം അതിജീവനത്തിന്റെ കൽപ്പടവുകൾ ചവിട്ടുന്നതിനിടെയാണ് ഇക്കുറി ഓണം. പൂവിളിയും പൂക്കളുമില്ലാതെ അത്തം തൊട്ട് 9 നാൾ കടന്നു പോയി. ആഘോഷങ്ങളുടെ പൊലിമയില്ലെങ്കിലും പൊന്നോണത്തിന് മാവേലിയുണ്ട്. മലയാണ്മയുടെ നന്മകളെ ഓർത്തെടുത്ത് , മാവേലി നാടിന്റെ നല്ല കാലം കെട്ടുകഥയല്ലെന്ന് വിശ്വസിച്ച് നാമിന്ന് വറുതിക്കും ദുരിതത്തിനുമിടയിലും തിരുവോണത്തെ മനസ്സിൽ ചേർത്തു വയ്ക്കുന്നു.

പറമ്പായ പറമ്പെല്ലാം ചുറ്റി നടന്ന് പൂവിറുക്കുന്ന കുട്ടികളാണ് ഓണക്കാലത്തിന്റെ സവിശേഷ കാഴ്ച. ഇത്തവണ ആ കാഴ്ചകളെ പ്രളയം ഇല്ലാതാക്കിയിരിക്കുന്നു. ഊഞ്ഞാലും ഓണപ്പാട്ടും തുമ്പിതുള്ളലും ഓണക്കളികളുമൊക്കെയായി ജാതി മത ഭേദമില്ലാതെ മലയാളി ഓണത്തപ്പനെ വരവേൽക്കും. ഇക്കുറി ആ വരവേൽപ് പലരും മനസ്സ് കൊണ്ടുമാത്രം ആയിരിക്കും നടത്തുക.

കള്ളവും ചതിയുമില്ലാത്ത മാവേലിനാട് എന്നതിനൊപ്പം പ്രകൃതിദുരന്തവുമില്ലാത്ത നാട് എന്നതുകൂടി ഇനി മലയാളിക്ക് പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ്ടിവരും. ഇത്തവണ ആഘോഷങ്ങളെല്ലാം പെരും പ്രളയത്തിൽ ഒലിച്ചുപോയെങ്കിലും ഒരുമയുടെ സന്ദേശം മലയാളി ഇത്രമേൽ ഉൾക്കൊണ്ട മറ്റൊരു ഓണക്കാലമുണ്ടായിട്ടില്ല. മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കല്പം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി. വലിപ്പച്ചെറുപ്പമില്ലാതെ വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി മലയാളി ഇക്കുറി ഓണം നെഞ്ചിലേറ്റുന്നു. എല്ലാ വായനക്കാർക്കും പ്രേക്ഷകർക്കും ടി വി സംസ്‌കാരയുടെ ഓണാശംസകൾ.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close