KeralaLatestLocalNewsNews in BriefVideos

കണ്ണൂരിലെ കള്ളവോട്ടുകള്‍: സിപിഎം-മുസ്ലിംലീഗ് കള്ളവോട്ടുകാര്‍ക്കെതിരെ കേസ്

By Web Desk

ണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകനും മുസ്ലിംലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്ത സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തിലെ വേങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ വേങ്ങാട് സ്വദേശി സായുജിനെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ മണ്ഡലത്തിലെ തന്നെ പാമ്പുരുത്തിയില്‍ യുഡിഎഫ് ഘടക കക്ഷിയായ മുസ്ലിംലീഗിന് വേണ്ടി കള്ളവോട്ട് ചെയ്ത 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 171 ലെ സി, ഡി എന്നീ ഉപവകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ആള്‍മാറാട്ടം, തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ സായൂജിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രണ്ടുപേരുടെ വോട്ടുകളാണ് സായൂജ് ചെയ്തതായി തെളിഞ്ഞിരിക്കുന്നത്. അമ്പത്തിരണ്ടാം ബുത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസിക്കുന്നയാളുമായ അഖില്‍ അത്തിക്ക, അമ്പത്തിമൂന്നാം ബൂത്തിലെ വോട്ടറായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ രണ്ടുവോട്ടുകളും സിപിഎമ്മുകാരനായ സായൂജ് ഇടതുപക്ഷത്തിന് വേണ്ടി ചെയ്തുവെന്നാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ. സുധാകരന്‍ പരാതി നല്‍കിയിരുന്നത്.

ബൂത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം തെളിവായി നല്‍കിക്കൊണ്ടാണ് കെ. സുധാകരന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കളക്ടര്‍ സായൂജിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിന് ശേഷമാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close