CrimeKeralaLatestNationalNewsNews in Brief

ബിനോയിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നതിന് മുമ്പ് കോടതിക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പരാതിക്കാരി

By Web Desk

ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പരാതിക്കാരി. ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കും മുൻപ് തെളിവുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ നീക്കം. കേസ് കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്കുശേഷമാകും വിധി പറയുക.

കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷയിൽ വാദംകേട്ട കോടതി വിധിപറയുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റിയിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്ന സെഷൻസ് ജഡ്ജി അവധി ആയതിനാൽ ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടയിലാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ വഴിയാണ് അപേക്ഷ നല്‍കിയത്.

375ആം വകുപ്പ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതിനാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കാം.

ബിനോയിയും 33കാരിയായ ബീഹാര്‍ സ്വദേശിനിയായ യുവതിയും മുംബൈയില്‍ താമസിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചതായി നേരത്തേ തന്നെ പോലീസ് അവകാശപ്പെട്ടിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേരളത്തിലെത്തി അന്വേഷണം നടത്തിയത്.

ജൂണ്‍ 13നാണ് യുവതിയുടെ പരാതിയില്‍ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

താന്‍ ദുബായില്‍ നൃത്ത മദ്യശാലയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് ബിനോയിയുമായി അടുപ്പത്തിലായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഹിന്ദു ആചാരപ്രകാരം തങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും 2009 ഒക്ടോബര്‍ 18 മുതല്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. അവിവാഹിതനാണെന്ന് പറഞ്ഞ് ബിനോയി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.

ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തില്‍ 2010 ജൂലായ് 22ന് തനിക്ക് കുട്ടി ജനിച്ചു. അതിനുശേഷമാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം താന്‍ അറിഞ്ഞത്. ഇക്കാര്യം ആരാഞ്ഞതോടെ ബിനോയി താനുമായുളള ബന്ധം ഏകപക്ഷീയമായി അവസാനിപ്പിക്കുകയായിരുന്നു. കുറച്ചുകാലം തനിക്ക് ജീവിതച്ചെലവിനുവേണ്ടി ബാങ്കുവഴി മാസം തോറും പണം നല്‍കാറുണ്ടായിരുന്നുവെങ്കിലും പിന്നീട് അതു നിര്‍ത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ ഓഷ്‌വാര പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയെങ്കിലും അതിനുമുമ്പേ ഫോണുകളെല്ലാം സ്വിച്ചോഫാക്കി സിം എടുത്തുമാറ്റിയ ശേഷം ബിനോയ് കോടിയേരി ഒളിവില്‍ പോയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് പിതാവായ കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട്ടിലെ അയല്‍പക്കത്താണ് പോലീസ് ഏല്‍പ്പിച്ചിരിക്കുന്നത്. കോടിയേരിയുടെ ഇവിടുത്തെ വീട് പൂട്ടിയിട്ട നിലയിലാണ്.

തലശ്ശേരിയിലെ വീടിന് പുറമേ, തിരുവങ്ങാട്ടെയും ന്യൂ മാഹിയിലെയും വീടുകളില്‍ നോട്ടീസ് നല്‍കാന്‍ പോലീസ് എത്തിയിരുന്നുവെങ്കിലും അവയും പൂട്ടിയിട്ട നിലയിലാണ്. കേസിനറെ അന്വേഷണത്തിനായി മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ പറയുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സംഘം എത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇവര്‍ വൈകാതെ മുംബൈ ഡിസിപിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തേ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ നല്‍കാന്‍ മുംബൈ പോലീസ് കേരള പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണമെന്നാണ് കേരള പോലീസിന്റെ നിലപാട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close