CrimeKeralaLatestLocalNewsNews in Brief

മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ: സ്ഥിരീകരിച്ച് പോലീസ്; ശ്രീറാമാണ് വാഹനമോടിച്ചതെന്ന് യുവതിയുടെയും മൊഴി; ശ്രീറാമിനെ പ്രതി ചേര്‍ത്ത് പോലീസ്

By Web Desk

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ശ്രീറാമിനെ പ്രതി ചേര്‍ത്തുവെന്നും ഇയാള്‍ തന്നെയാണ് വാഹനമോടിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നതെന്നും ഡിസിപി അല്പം മുമ്പ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടുണ്ടെന്നും ബാക്കി വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കാറില്‍ കൂടെയുണ്ടായിരുന്ന കാറുടമ കൂടിയായ വഫ ഫിറോസ് എന്ന യുവതിയും അപകടസമയത്ത് കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് പോലീസിന് മൊഴി നല്‍കി. താന്‍ കവടിയാര്‍ വരെ മാത്രമാണ് വണ്ടിയോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് മാറിയെന്നുമാണ് വഫയുടെ മൊഴി. എന്നാല്‍ അപകടം നടന്നയുടന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞത് കാറോടിച്ചത് വഫ ഫിറോസ് ആണെന്നായിരുന്നു.

സംഭവ സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചതായി കണ്ടെത്തിയ സ്ഥിതിക്ക് അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ നിയമ നടപടികളായിരിക്കും.

അതേ സമയം അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് എസ്.ഐ വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രക്ത സാമ്പിള്‍ അപ്പോള്‍ തന്നെ പരിശോധനയ്ക്കായി എടുക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതും സംശയമുണര്‍ത്തുന്നു.

അപകടം നടന്നയിടത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞത് വാഹനമോടിച്ചത് കൂടെയുണ്ടായിരുന്ന യുവതിയാണെന്നാണ്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ അവരെ പോലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുത്തില്ല. പകരം, യൂബര്‍ ടാക്‌സി വിളിച്ച് യുവതിയെ പോലീസ് പറഞ്ഞുവിടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ മാത്രമാണ് യുവതിയെ ഫോണില്‍ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തിയത്. ഈ വൈദ്യപരിശോധനയുടെ ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല.

മരണകാരണമായ അപകടമുണ്ടായി മണിക്കൂറുകള്‍ കഴി്ഞ്ഞ ശേഷമാണ് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെയും പോലീസ് കേസെടുത്തത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം മ്യൂസിയും ജംഗ്ഷനരികില്‍ വച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ ബ്യൂറോ ചീഫ് കെ. എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബെക്കില്‍ നിന്ന് തെറിച്ച് ചോരവാര്‍ന്നു കിടന്ന ബഷീര്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വഫ ഫിറോസ് എന്ന യുവതിയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമനും യുവതിയും സഞ്ചരിച്ചിരുന്നത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close