EntertainmentHealthKeralaLatestLocalNewsNews in Brief

പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുമെന്ന് ഉറപ്പായി: ആന ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍; മദപ്പാടില്ല; ഇനി വേണ്ടത് കളക്ടറുടെ അനുവാദം മാത്രം

By Web Desk

തൃശ്ശൂര്‍ പൂരത്തിന് ഇത്തവണയും തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന കൊമ്പനാനയെ പങ്കെടുപ്പിക്കുമെന്ന് ഉറപ്പായി. തെച്ചിക്കോട്ടുരാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മദപ്പാടൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ സംഘം പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. ആനയുടെ ശരീരത്തിലൊരിടത്തും മുറിപ്പാടുകളൊന്നുമില്ലെന്നും പാപ്പാന്മാരുടെ നിര്‍ദ്ദേശങ്ങളെ ഭയത്തോടെ അനുസരിക്കുന്നുണ്ടെന്നും വ്യക്തമായി. മൂന്ന് ഡോക്ടര്‍മാരാണ് തൂശ്ശൂരിലെത്തി പരിശോധിച്ചത്. ആനയുടെ കാഴ്ച്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ഒരേ സമയം ആനയെ പരിശോധിച്ചത്. ഒരു മണിക്കൂറോളം പരിശോധന നീണ്ടു.

പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ സംഘം കളക്ടര്‍ക്ക് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 12 ശനിയാഴ്ച്ച തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരച്ചടങ്ങില്‍ തെച്ചിക്കോട്ടു രാമചന്ദ്രനെ പങ്കെടുപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് കളക്ടറാണ്. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച്ച പരിഗണിച്ച ഹൈക്കോടതി നിര്‍ദ്ദേശിച്ചത് കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു. ഇതേത്തുടര്‍ന്നാണ് ആനയുടെ ആരോഗ്യക്ഷമത പരിശോധിക്കാന്‍ തീരുമാനിച്ചത്.

നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ചടങ്ങിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുക തന്നെ വേണമെന്നാണ് ആനയുടമസ്ഥ സംഘത്തിന്റെ ആവശ്യം. രാമചന്ദ്രനെ ഒന്നര മണിക്കൂര്‍ നേരം എഴുന്നള്ളിക്കുന്നതിന് മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം പറയുന്നത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേ, ആനകളെ പൂരം എഴുന്നള്ളിപ്പിന് വിട്ടുനല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായും അവര്‍ അറിയിച്ചിരുന്നു.

ആന ഉടമസ്ഥ സംഘം നല്‍കുന്ന മറ്റൊരു പ്രധാന സൂചന, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ശനിയാഴ്ച്ച എഴുന്നള്ളിക്കുന്നുവെങ്കില്‍ അത് മണികണ്ഠനാല്‍ പരിസരത്തു നിന്നായിരിക്കുമെന്നാണ്. ഇവിടെ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച ശേഷം നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കുന്ന രീതിയില്‍ മുന്‍ വര്‍ഷങ്ങളിലും ചടങ്ങുകള്‍ നടന്നിട്ടുണ്ട്.

മണികണ്ഠനാല്‍ പരിസരത്തുനിന്ന് തുടങ്ങുകയും തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയില്‍ ചടങ്ങുകള്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുവാദം കിട്ടിയിട്ടുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം പറയുന്നത്.

ഇതേ ചടങ്ങിന്റെ അനുബന്ധകാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് നെയ്തലക്കാവ് ദേവസ്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ക്ക് അതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കുമെന്നും ആന ഉടമകള്‍ അറിയിച്ചു.

തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ തീരുമാനമാണ് ഇപ്പോള്‍ ആനപ്രേമികള്‍ ഉറ്റുനോക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close