KeralaLatestNationalNewsNews in Brief

അന്താരാഷ്ട്ര കേരള മേളയില്‍ ആനന്ദ് പട് വര്‍ധന്‍റെ ചിത്രത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ വിലക്ക്: ഹൈക്കോടതിയെ സമീപിച്ച് കമല്‍

By Web Desk

പ്രമുഖ ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ വിവേക് (റീസൺ) എന്ന ഡോക്യുമെന്‍ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍. വിലക്കി. സംഘപരിവാര്‍ സംഘടനകളെ ഗുരുതരമായി വിമർശിക്കുന്ന ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര മേളകളില്‍ പ്രത്യേക പ്രദര്‍ശനം നടത്തുന്നതിന് സെന്‍സര്‍ ഇളവ് നല്‍കുന്ന പതിവുണ്ട്. ഈ ഇളവ് നല്‍കാതെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രദര്‍ശനം തടഞ്ഞത്.

എന്നാല്‍ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 20 ദിവസങ്ങളായി പ്രദര്‍ശന അനുമതിക്ക് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും രണ്ട് തവണ അപേക്ഷ നല്‍കിയിട്ടും വാർത്താവിനിമയ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചില്ലെന്നും കമല്‍ പറഞ്ഞു. ചിത്രം ഇന്നലെയായിരുന്നു പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്.

ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിക്കുകയാണെങ്കില്‍ ഡോക്യുമെന്‍ററി ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ അവസാനദിവസമായ 26ന് പ്രദര്‍ശിപ്പിക്കും. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലും യൂ ട്യൂബില്‍ ലഭ്യമാണ്. പക്ഷേ ചിത്രത്തിന്‍റെ സബ് ടൈറ്റിലുകള്‍ നല്‍കിയിരിക്കുന്നത് ഹിന്ദിയിലാണ്.

സിപിഐ നേതാവും പുരോമഗന വാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് റീസണ്‍ അഥവാ വിവേക് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലും കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രദര്‍ശനം വിലക്കിയിട്ടുണ്ട്. 2017-ല്‍ പി.എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), ഫാസിൽ എൻ.സി, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. അവയും കേരള ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത്. അതിനാല്‍ റീസണും പ്രദര്‍ശനാനുമതി ലഭിക്കുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതീക്ഷ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close