GulfKeralaLatestNationalNewsNews in BriefWorld

നിരാലംബര്‍ക്ക് ശീതീകരിച്ച ശാന്തിഗൃഹങ്ങളുമായി ഡോ. എം.എ. യൂസഫലി: പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പിന്റെ സ്‌നേഹസമ്മാനം; 15 കോടിയുടെ ബഹുനില മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

By Web Desk

മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേയ്ക്ക് തള്ളിവിടുന്ന പാശ്ചാത്യ സംസ്‌കാരത്തെ ശീലമാക്കുന്ന പ്രവണത മലയാളികള്‍ക്കിടയിലും വര്‍ധിക്കുകയാണെന്ന് പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ ഡോ. എം.എ യൂസഫലി. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി പതിനഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുനല്‍കുന്ന ആധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം:

‘നൂറുശതമാനം സാക്ഷരത നേടിയ കേരളീയര്‍ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്ന പാശ്ചാത്യസംസ്‌കാരം കണ്ടു പഠിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് അപമാനകരമാണ്.
ഗാന്ധിഭവനുവേണ്ടി എല്ലാ സൗകര്യങ്ങളോടെയും ബഹുനില മന്ദിരം നിര്‍മ്മിച്ചുനല്‍കുന്നത് പുതിയ അന്തേവാസികളെത്തട്ടെ എന്ന ആഗ്രഹത്തിലല്ല. നിലവില്‍ ഇവിടെയുള്ളവര്‍ സൗകര്യമായി താമസിക്കട്ടെ എന്നു കരുതിയാണ്.

മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള കരുതലും പ്രാര്‍ത്ഥനയും നന്മകള്‍ മാത്രമെ സമ്മാനിക്കൂ. സര്‍വ്വ മതങ്ങളും പറയുന്നത് മാതാപിതാക്കളെ സ്‌നേഹിക്കാനും അവരെ ദൈവത്തെപ്പോലെ കാണുവാനുമാണ്. പഴയ കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ എല്ലാവരും ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും ഭക്ഷണം കഴിക്കലും അന്യോന്യമുള്ള സംസാരങ്ങളുമെല്ലാം ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. എല്ലാവരും മൊബൈല്‍ ഫോണിന്റെ ഇത്തിരിവട്ടത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും മൊബൈലില്‍ ആയിരിക്കും കണ്ണ്.

ഗാന്ധിഭവനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ആദ്യതവണ ഗാന്ധിഭവനിലെത്തിയപ്പോള്‍തന്നെ ആരംഭിച്ചതാണ്. ഇവിടുത്തെ സ്ഥലപരിമിതി ബോദ്ധ്യമായതിനെതുടര്‍ന്നാണ് 250 പേര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ ജീവിക്കുവാന്‍ വേണ്ട കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്ന് വാക്കുപറഞ്ഞത്. അതിനാവശ്യമായ തുക നിലവില്‍ പതിനഞ്ച് കോടിയിലധികമാണ്. അതെത്രയായാലും നിര്‍മ്മിച്ചുനല്‍കാനാണ് ഉറപ്പിച്ചിരിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടനിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടമായി അഞ്ചു കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. കൂടാതെ ഗാന്ധിഭവന് കടബാദ്ധ്യതകള്‍ തീര്‍ക്കുവാന്‍ വേണ്ടി ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയും, ദൈനംദിന ചെലവുകള്‍ക്കായി 50 ലക്ഷവും സമ്മാനിച്ചു. ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാക്കുവാന്‍ കഴിയുന്നതാണെന്നും ഡോ. യൂസഫലി പറഞ്ഞു.

ചടങ്ങുകള്‍ക്ക് മുന്നോടിയായി ഗാന്ധിഭവനെയും പത്മശ്രീ ഡോ. എം.എ യൂസഫലിയുടെ സന്ദര്‍ശനത്തെയും കുറിച്ച് ടിവി സംസ്‌കാര തയ്യാറാക്കി സമര്‍പ്പിച്ച ലഘുചിത്രം പ്രദര്‍ശിപ്പിച്ചു.

ചടങ്ങില്‍ പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടികെഎ നായര്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ശോഭനജോര്‍ജ്ജ്, ഷാഹിദാ കമാല്‍, കെ. വരദരാജന്‍, കെ. മുരളീധരന്‍, എ. യൂനുസ് കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close