KeralaNewsNews in Brief

സിറോ മലബാര്‍ സഭയില്‍ പ്രതിസന്ധി; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വിമത വൈദികര്‍

By web desk

ര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലയില്‍ തിരികെ എത്തിയതിനെതിരെ സിറോ മലബാര്‍ സഭയിലെ വിമത വിഭാഗം രംഗത്ത്. വിമത വൈദികരുടെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ അനുസരിച്ച് അവര്‍ ഒരു വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. കര്‍ദിനാളിന് രൂപതാധ്യക്ഷന്റെ ചുമതല തിരികെ നല്‍കിയതിനെതിരെ പത്രക്കുറിപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ദിനാളിന് ചുമതല തിരികെ കൊടുത്തതിനെ ശക്തമായി അപലപിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

160 വൈദികര്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. രാത്രിയുടെ മറവില്‍ കര്‍ദിനാള്‍ അധികാരം ഏറ്റെടുത്തത് അപഹാസ്യമല്ലെയെന്ന് വിമത വിഭാഗം ചോദിക്കുന്നു. സഹായ മെത്രാന്മാരായ ജോസ് പുത്തന്‍ വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവരെ മാറ്റിനിര്‍ത്തിയ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏത് സാഹചര്യത്തിലാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിയത് എന്നതില്‍ വ്യക്തത വന്നിട്ടില്ല എന്ന് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വത്തിക്കാനില്‍ നിന്ന് ഇറങ്ങിയിരിക്കുന്ന ഒരു കുറിപ്പില്‍ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി എന്നത് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അധികാരം കൈമാറി എന്നതില്‍ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭൂമി വില്പന വിവാദത്തെ തുടര്‍ന്നാണ് എറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷ സ്ഥാനത്തുനിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കിയത്. എന്നാൽ അധ്യക്ഷസ്ഥാനം തിരികെ നൽകാനുള്ള തീരുമാനമെടുത്തത് വത്തിക്കാനാണ്. ഇതേത്തുടര്‍ന്നാണ് ജോര്‍ജ് ആലഞ്ചേരി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് .

നേരത്തേ ആലഞ്ചേരിയെ നീക്കിയപ്പോള്‍ അധ്യക്ഷസ്ഥാനം നല്‍കിയത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനായിരുന്നു. ഒരു വര്‍ഷത്തേക്കായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല. അതിന്റെ കാലാവധി ബുധനാഴ്ച്ച അവസാനിച്ചതോടെ അദ്ദേഹത്തോട് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭൂമി ഇടപാടില്‍ കര്‍ദിനാളിന്റെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചതായി വിമര്‍ശനങ്ങള്‍ വന്നതോടെയാണ് നേരത്തേ ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close