LatestNationalNewsNews in Brief

നരസിംഹറാവുവിനേയും മന്‍മോഹന്‍സിംഗിനേയും കോണ്‍ഗ്രസ് മറന്നു; ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല: മോദി

By web desk

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചത്. ഗാന്ധി – നെഹ്രു കുടുംബത്തിന് പുറത്തുള്ള ആരുടെയും പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, നരസിംഹറാവു എന്നിവര്‍ ചെയ്ത നല്ലകാര്യങ്ങള്‍ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചത് വളരെ കുറച്ചുപേര്‍ മാത്രമാണെന്നാണ് ചിലര്‍ കരുതുന്നത്. മറ്റുള്ളവരുടെയെല്ലാം പേരുകള്‍ അവഗണിക്കപ്പെടുകയും ചിലരുടെ പേരുകള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുകയുംചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, തങ്ങള്‍ ചിന്തിക്കുന്നത് അത്തരത്തിലല്ല. ഇന്ത്യയുടെ പുരോഗതിക്കുവേണ്ടി എല്ലാ പൗരന്മാരും പരിശ്രമിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരസിംഹറാവുവിനേയും അടല്‍ ബീഹാരി വാജ്പേയേയും അവര്‍ മറന്നു. മന്‍മോഹന്‍സിംഗ് രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് പോലും അവന്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ നേരെ മറിച്ചാണ് ഞങ്ങളുടെ നിലപാട്. പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയത് ഞങ്ങളുടെ സര്‍ക്കാരാണ്. ഗാന്ധി എന്ന വാക്കില്‍ ചുറ്റിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

അടിയന്തരാവസ്ഥയുടെ പേരിലും മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശമുന്നയിച്ചു. അടിയന്തരാവസ്ഥ ജനാധിപത്യത്തിന് വരുത്തിവച്ച കളങ്കം ഒരിക്കലും മായില്ല. ശക്തവും സുരക്ഷിതവും വികസിതവുമായ ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറേണ്ടിയിരിക്കുന്നു. യു.പി.എ ഭരണത്തില്‍നിന്ന് മോചനം നേടാന്‍ ആഗ്രഹിച്ചാണ് 2014 ല്‍ രാജ്യത്തെ ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് അവസരം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് തനിക്ക് പ്രശ്‌നമല്ല. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി താന്‍ പ്രയത്‌നിക്കുമെന്ന് മോദി നന്ദിപ്രമേയത്തിൽ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close