LatestNationalNewsNews in Brief

ലോക് സഭ പാസ്സാക്കിയ മുന്നാക്ക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

By Web Desk

രാജ്യത്തെ മുന്നാക്ക വിഭാഗക്കാര്‍ക്ക് സന്തോഷം പകരുന്ന സംവരണ ബില്‍ ലോക് സഭ പാസ്സാക്കിയതിനെത്തുടര്‍ന്ന് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് ലോക്‌സഭയില്‍ പാസായത്.. വോട്ടെടുപ്പില്‍ പങ്കെടുത്ത 323 അംഗങ്ങളില്‍ 319 പേരും ബില്ലിനെ പിന്തുണച്ചു. സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗലോട്ടാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അതേസമയം ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്കാണ് വിടുക. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയാണ് ബില്ലിന്‍റെ ഉദ്ദേശലക്ഷ്യം.

വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തിനു പുറമെയായിരിക്കും ഈ സംവരണം.. ഇതിനായി ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്യണം.

ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഹാജരാകുന്ന മൂന്നില്‍രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പോലുമില്ല. ഈ സാഹചര്യത്തില്‍, പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close