BREAKING NEWSGulfLatestNationalNewsNews in BriefWorld

അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്ന് സുപ്രീംകോടതി; സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കറില്‍ പള്ളി പണിയാം; കേന്ദ്രം ട്രസ്‌റ്റ്‌ രൂപീകരിക്കണം

By Web Desk

യോധ്യയിലെ തർക്കഭൂമിയിൽ ഹിന്ദു ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതി നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചു. ഭൂമിയുടെ അവകാശം തെളിയിക്കാൻ സുന്നി വഖഫ്‌ ബോർഡിന്‌ സാധിച്ചില്ല. അതേസമയം അയോധ്യയിൽതന്നെ പ്രധാനപ്പെട്ട സ്ഥലത്ത്‌ അഞ്ചേക്കർ ഭൂമി സുന്നി വഖഫ്‌ ബോർഡിന്‌ നൽകാനും സുപ്രീംകോടതി ഉത്തരവായി. ഈ ഭൂമിയിൽ മുസ്ലിം പള്ളി നിർമിക്കാന്‍ അനുവാദവും നല്‍കി. ഇതിനായി മൂന്ന്‌ മാസത്തിനുള്ളില്‍ കേന്ദ്രം ട്രസ്‌റ്റ്‌ രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബാബ്‌റി മസ്‌ജിദ്‌ നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ്‌ സുപ്രീംകോടതി ഈ ചരിത്ര വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ്‌ കോടതിവിധി നിലനിൽക്കുന്നതല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വിധിച്ചു.

പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരണത്തിന് പുറമേ, തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിനും കേന്ദ്രസർക്കാർ ട്രസ്‌റ്റ്‌ രൂപീകരിക്കണം. ട്രസ്റ്റില്‍ കേസിലെ പ്രധാന കക്ഷിയായ നിർമോഹി അഖാഡയ്‌ക്ക്‌ കൃത്യമായ പ്രാതിനിധ്യം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കുപുറമേ ജസ്‌റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ എ നസീർ എന്നിവരുൾപ്പെട്ട ബെഞ്ച് ഏകകണ്‌ഠമായാണ് വിധി പ്രസ്‌താവിച്ചത്‌.

അയോധ്യ വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിക്കാൻ കോടതിക്ക് കഴിയില്ല.. രാമജന്മഭൂമിക്ക്‌ നിയമപരമായ വ്യക്തിത്വം ഇല്ല. ശ്രീരാമന്‌ നിയമവ്യക്തിത്വം ഉണ്ട്‌. നിർമോഹി അഖാഡെയുടെ ഹർജി നിലനിൽക്കുന്നതല്ല. ഖനനത്തിൽ ക്ഷേത്രാവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട്‌ തള്ളിക്കളയാന്‍ സാധിക്കില്ല.

ക്ഷേത്രം പൊളിച്ചാണ്‌ പള്ളി പണിതതെന്ന്‌ റിപ്പോർട്ടിൽ പറയുന്നില്ല. അയോധ്യ രാമജന്മഭൂമിയാണെന്നാണ്‌ ഹൈന്ദവ വിശ്വാസമെന്ന്‌ ചരിത്രരേഖയും സാക്ഷി മൊഴിയും പറയുന്നു. രാം ചബ്രൂതയിലും സീത രസോയിയിലും ഹിന്ദുക്കൾ പൂജ നടത്തിയതിന്‌ തെളിവുണ്ട്‌.വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥനെ തീരുമാനിക്കാന്‍ സാധിക്കില്ല.

ബാബരി മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ലെന്നും മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ഒരു മുസ്ലിം കെട്ടിടമായിരുന്നില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം പണിതിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ലെന്ന കാര്യവും വിധിയില്‍ എടുത്തുപറഞ്ഞു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിർവഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. പള്ളി രാമജന്‍മ സ്ഥലത്താണെന്നത് തര്‍ക്ക വിഷയമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ല.

വിധിയുടെ നാള്‍വഴികള്‍

എഴുപത് വര്‍ഷം നീണ്ട നിയമപോരാട്ടമാണ്‌ ഇന്നത്തെ സുപ്രീംകോടതി വിധിയോടെ അവസാനിക്കുമെന്ന് കരുതുന്നത്. സുന്നി വഖഫ്‌ ബോർഡ്‌, നിർമോഹി അഖാഡ, രാമ വിഗ്രഹത്തിന്‍റെ പ്രതിനിധികൾ എന്നിവർക്ക്‌ 2.77 ഏക്കർ ഭൂമി തുല്യമായി വീതിച്ച്‌ 2010 സെപ്‌തംബറിലാണ്‌ അലഹബാദ്‌ ഹൈക്കോടതി വിധി പ്രധാന വിധി പ്രസ്താവിച്ചത്. ഇതിനെതിരെ മൂന്ന്‌ കക്ഷികളും സുപ്രീംകോടതിയിലെത്തി. തുടർച്ചയായി നാൽപ്പത്‌ ദിവസം വാദംകേട്ടു.

1992ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. രാമന്‍റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗമാണ് ഇത്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ തൃപ്തരാകാതെ മൂന്നു കൂട്ടരും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ്
ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടത്.

2011ലാണ് അപ്പീലുകളില്‍ വാദം തുടങ്ങിയത്. 2018 മാര്‍ച്ച് 8ന് മധ്യസ്ഥ സമിതിയെ ഏല്‍പ്പിച്ചു. ശ്രീ ശ്രീ രവിശങ്കര്‍, ജെ ഖലീഫുല്ല, ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയി അംഗങ്ങള്‍. പക്ഷേ ഇവരുടെ മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ കേള്‍ക്കല്‍ തുടങ്ങിയ അന്തിമവാദം അവസാനിച്ചത് ഒക്ടോബര്‍ 16നായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close