LatestNationalNewsNews in BriefVideos

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തനിക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ

By Web Desk

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതില്‍ കമ്മീഷന്‍ അംഗം അശോക് ലവാസെ വീണ്ടും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. മോദിക്കും ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ തനിക്കുള്ള വിയോജിപ്പ് പ്രത്യേകം രേഖപ്പെടുത്തണമെന്ന് ലവാസ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് മൂന്നംഗ തെരഞ്ഞെടുപ്പുകമ്മീഷനിലെ ഒരംഗമായ തനിക്കുള്ള എതിരഭിപ്രായങ്ങള്‍ അശോക് ലവാസ ആവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായും സുതാര്യമായും പക്ഷപാതമില്ലാതെയും പരിഹരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അശോക് ലവാസ പറഞ്ഞു.

ഒരു സമിതിയില്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ തീരുമാനമെടുക്കുന്ന രേഖയില്‍ അംഗങ്ങളുടെ വ്യത്യസ്താഭിപ്രായം രേഖപ്പെടുത്തണമെന്നാണ് തന്റെ ആവശ്യമെന്നും തെരഞ്ഞടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വ്യക്തമാക്കി. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സുപ്രധാന യോഗം ചേരാനിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലെ പ്രസംഗങ്ങളിലും മറ്റുമായി നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പെരുമാറ്റച്ചട്ടമാണെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ ഒന്നില്‍ പോലും ശിക്ഷാനടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്റെ യോഗങ്ങളില്‍ നിന്ന് ലവാസെ തുടര്‍ച്ചയായി വിട്ടുനിന്നിരുന്നു. യോഗങ്ങളില്‍ ഇനി പങ്കെടുക്കണമെങ്കില്‍ രേഖകളില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നാണ് അശോക് ലവാസയുടെ ആവശ്യം. യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ്അധ്യക്ഷന്‍ സുനില്‍ അറോറ രണ്ടുതവണ അശോക് ലവാസയ്ക്ക് കത്തയച്ചിരുന്നു.

വയനാട്ടില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും തോല്‍വി മണത്ത നേതാക്കള്‍ ഹിന്ദുമേഖലകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നുമായിരുന്നു മോദിയുടെ വിവാദമായ പ്രസംഗഭാഗങ്ങളിലൊന്ന്. അമിത് ഷായും വയനാടിനെക്കുറിച്ച് പ്രസംഗിച്ചുതന്നെയാണ് വിവാദത്തില്‍ പെട്ടത്. വയനാട് ഭാരതത്തിലോ പാകിസ്ഥാനിലോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നായിരുന്നു അവിടുത്തെ മുസ്ലിം ലീഗിന്റെ സാന്നിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അമിത് ഷായുടെ പരിഹാസം. ഈ രണ്ടു പരാമര്‍ശങ്ങളും മതസ്പര്‍ധയും വര്‍ഗ്ഗീയതയും അഴിച്ചുവിടുന്നതാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. പക്ഷേ, മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അശോക് ലവാസയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close