LatestNationalNewsNews in Brief

കര്‍ണ്ണാടക കുതിരക്കച്ചവടത്തിന് നിര്‍ദ്ദേശം കൊടുത്തത് പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി: വിശ്വാസപ്രമേയം അവതരിപ്പിച്ചു; വിമതര്‍ എത്തിയില്ല; കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടിലും സഭയില്‍ എത്തിയില്ല

By Political Desk

ര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് കുമാരസ്വാമി പറഞ്ഞു. സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്നും കുമാരസ്വാമി വിശദീകരിച്ചു.

കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 15 വിമത എംഎല്‍എമാര്‍ സഭയില്‍ എത്തിയിട്ടില്ല. ഇവര്‍ക്കു പുറമേ, കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് കഴിഞ്ഞ ദിവസം മാറിയ ശ്രീമന്ത് പാട്ടീലും ബിഎസ് പി എംഎല്‍എ എന്‍. മഹേഷും സഭയില്‍ എത്തിയിട്ടില്ല. ശ്രീമന്ത് പാട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബയില്‍ ചികിത്സയിലാണെന്നാണ് വിവരം. എന്നാല്‍ വിമത പക്ഷത്ത് നിലയുറപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഢി സഭയില്‍ എത്തിയിട്ടുണ്ട്

താന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് ഒറ്റവരിയില്‍ പറഞ്ഞാണ് കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. കോടതിക്കെതിരെ ഒരു വാക്കുപോലും താന്‍ പറയില്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ ഏതുവിധേനയും താഴെയിറക്കാനാണ് പ്രതിപക്ഷമായ ബിജെപി ശ്രമിക്കുന്നതെന്നും വെല്ലുവിളി എന്തായാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.

അവാസ്തവമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിമതര്‍ക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്നും കുതിരക്കച്ചവടമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. കുതിരക്കച്ചവടം നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നുള്ള ആരോപണവും കുമാരസ്വാമി ഉന്നയിച്ചു. തന്‍റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ നിലനില്‍ക്കുമോ വീഴുമോ എന്നതിനേക്കാള്‍ പ്രധാനം വീഴ്ത്താന്‍ വേണ്ടി നടത്തിയ ഗൂഢാലോചനകള്‍ പുറത്തുവരിക എന്നതാണ്. ഇവ ചര്‍ച്ച ചെയ്യപ്പെടണം. കുമാരസ്വാമി പറഞ്ഞു.

വിശ്വാസപ്രമേയവും വോട്ടെടുപ്പ് പ്രക്രിയകളും ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ബിജെപി നേതാവ് യദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിന്മേല്‍ കര്‍ണ്ണാടക നിയമസഭയില്‍ വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്.

16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ രൂപപ്പെട്ട പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിച്ചത്.

ന്യൂനപക്ഷമായ കോണ്‍ഗ്രസ്- ജെ. ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമാണ്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍. നിലവിൽ സഖ്യ സർക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം.

രാജിവച്ചവരില്‍ 12 എംഎൽഎമാര്‍ ഇപ്പോഴും മുംബൈയിൽ കഴിയുകയാണ്. ഇവര്‍ നിയമസഭയിൽ എത്തില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കുറഞ്ഞത് 12 എം എൽ എമാർ എങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാൽ സർക്കാർ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സ്പീക്കറും നാമനിർദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉൾപ്പെടെ 103 അംഗങ്ങളാണ്, വിമതർ എത്തിയില്ലെങ്കിൽ, കോൺഗ്രസ്‌- ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.

സർക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാൽ 12 എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കർ എടുത്തേക്കും. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോൺഗ്രസ്‌, ജെഡിഎസ് ,ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ കഴിയുകയായിരുന്നു. റിസോര്‍ട്ടുകളില്‍ നിന്ന് ഈ എംഎല്‍എമാരെല്ലാം ഇപ്പോള്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്.

അതേ സമയം കുമാരസ്വാമി സർക്കാർ ഇന്ന് വീഴുമെന്ന പ്രതീക്ഷയിലാണ് ബിജെപി.അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നുതന്നെ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അവിശ്വാസ പ്രമേച ചര്‍ച്ചക്കിടെ സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രസംഗത്തിന് സമയപരിധിയില്ല. ചര്‍ച്ച നാളെയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്ക് നീട്ടാനും സാധിക്കും.

എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ കോടതി പ്രത്യേകം എടുത്തുപറയുകയും ചെയ്തു. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളിയിരുന്നു.

രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

കര്‍ണാടക നിയമസഭയിലെ കക്ഷി നില

ആകെ സീറ്റ് 225

ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം -117

കോണ്‍ഗ്രസ് – 79 (സ്പീക്കറും രാജിവെച്ച 13 വിമത എം.എല്‍.എമാരും ഉള്‍പ്പടെ), ജെ.ഡി.എസ് – 37 (രാജിവെച്ച 3 വിമത എം.എല്‍.എമാര്‍ ഉള്‍പ്പടെ), ബി.എസ്.പി – 1

പ്രതിപക്ഷം 107

ബി.ജെ.പി – 105, കെ.പി.ജെ.പി – 1, സ്വതന്ത്രന്‍ – 1

മറ്റുള്ളവര്‍

നോമിനേറ്റഡ് അംഗം – 1

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close