LatestNationalNewsNews in Brief

സിബിഐയില്‍ നാടകീയ നീക്കങ്ങള്‍: സുപ്രീംകോടതി ഉത്തരവുപ്രകാരം ചുമതലയേറ്റ അലോക് വര്‍മ്മയെ നീക്കി; നാഗേശ്വര്‍റാവു താല്‍ക്കാലിക ഡയറക്ടര്‍

By Web Desk

സിബിഐ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു അധികാരമേറ്റു. ഇന്നലെ രാത്രി തന്നെ നാഗേശ്വര്‍ റാവു ചുമതലയേറ്റതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് നാഗേശ്വര്‍ റാവു ചുമതലയേറ്റത്. നേരത്തേ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ അലോക് വര്‍മ്മയെ വീണ്ടും സിബിഐ ഡയറക്ടറാക്കണമെന്ന് ബുധനാഴ്ച്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒപ്പം പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സെലക്ഷന്‍ സമിതിക്ക് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. സുപ്രീംകോടതി വിധി പ്രകാരം ബുധനാഴ്ച്ച തന്നെ അലോക് വര്‍മ്മ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച സെലക്ഷന്‍ സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയെ മാറ്റി. തുടര്‍ന്ന് പുതിയ ഡയറക്ടറെ നിയമിക്കുംവരെ നാഗേശ്വര്‍ റാവുവിനെ താല്‍ക്കാലിക ഡയറക്ടറാക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനും സുപ്രീംകോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേ എന്നിവരുമടങ്ങിയ ഉന്നതാധികാര സെലക്റ്റ് കമ്മിറ്റി രണ്ടര മണിക്കൂര്‍ യോഗം നടത്തിയ ശേഷമാണ് അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തോട് മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും സമിതിയിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രിയെ പിന്തുണക്കുകയായിരുന്നു.

നേരത്തേ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന കാരണം പറഞ്ഞായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാകേഷ് അസ്താനയെയും കേന്ദ്രം മാറ്റിനിര്‍ത്തിയത്. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അലോക് വര്‍മ്മയ്ക്ക് അനുകൂലമായ നിലപാടെടുത്ത കോടതി അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ട് കമ്മിറ്റി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയുടെ നിയമനക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയൊന്നും കാത്തിരിക്കാതെ അലോക് വര്‍മ്മയെ നീക്കം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close