CrimeGulfLatestNationalNewsNews in BriefWorld

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിയെ തട്ടിക്കൊണ്ടുപോയി 5 ദിവസം പീഡിപ്പിച്ചു; 5 ദിവസവും അവള്‍ ഭയന്നുകരഞ്ഞു; ജയിലില്‍ നിന്നിറങ്ങി നിര്‍ബന്ധിച്ച് അവളെത്തന്നെ വിവാഹം കഴിച്ചു; ഭാര്യയെക്കുറിച്ച് ആണഹന്തയോടെ വെളിപ്പെടുത്തിയ ഹിന്ദിക്കാരനോട് പ്രതികരിച്ച് മലയാളി എഴുത്തുകാരി

By Web Desk

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനാറുകാരിയായ ധനിക കൃസ്ത്യന്‍ കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയെ തട്ടിയെടുത്ത് ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ധനിക ബ്രാഹ്മണ കുടുംബത്തില്‍ പെട്ട ഹിന്ദിക്കാരന്‍ തന്നോട് വെളിപ്പെടുത്തിയതായി യുവ എഴുത്തുകാരിയും പ്രവാസിയുമായ ഹണി ഭാസ്‌കരന്‍. ബലാത്സംഗക്കുറ്റത്തിനും തട്ടിക്കൊണ്ടുപോകലിനും 45 ദിവസം ജയിലില്‍ കിടന്നശേഷം പുറത്തിറങ്ങിയ അയാള്‍ അവളുടെ രക്ഷിതാക്കളെ കണ്ട് അവള്‍ക്ക് സമ്മതമാണെങ്കില്‍ വിവാഹം കഴിക്കാമെന്നേറ്റു. ഗതികേടുകൊണ്ടും അപമാനഭാരം ഭയന്നും അവള്‍ അതിന് സമ്മതിച്ചു. പുരുഷനായ തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുകൊണ്ടുണ്ടായ പക കൊണ്ടാണ് അവളെ പീഡിപ്പിച്ചതെന്നും പക കൊണ്ടുതന്നെയാണ് അവളെത്തന്നെ വിവാഹം കഴിച്ചതെന്നും ഹിന്ദിക്കാരന്‍ തന്നോട് വെളിപ്പെടുത്തിയതായി ഹണി ഭാസ്‌കരന്‍ സ്വന്തം ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്തു.

പീഡനത്തിന്റെ അഞ്ചുനാളുകളിലും അവള്‍ മുറിയില്‍ കൂനിക്കൂടിയിരുന്ന് കരയുകയായിരുന്നുവെന്ന് കേട്ടപ്പോള്‍ യാ അള്ളാ എന്ന് വിലപിച്ച് താന്‍ പൊട്ടിക്കരഞ്ഞുവെന്നും അതുകണ്ട് പകച്ചുവെന്നും ഹണി എഴുതുന്നു. അതുകേട്ട് ആശ്വസിപ്പിക്കാനെന്ന വണ്ണം തോളില്‍ തൊട്ട അയാളുടെ കൈ തട്ടിമാറ്റിയിട്ട് താന്‍ ഇങ്ങനെ പറഞ്ഞതായി ഹണി എഴുതുന്നു:

” ആ അഞ്ചു ദിവസം അവൾ നേരിട്ട ഭയത്തെ കുറിച്ച്, പീഢയെ കുറിച്ച് ഇനിയുമൊരു അമ്പത് വർഷക്കാലം കൂടെ ജീവിച്ചാലും നിങ്ങൾക്ക് മനസിലാവില്ല മിസ്റ്റർ. ജീവിതം അവസാനിച്ചു എന്നുറപ്പിച്ച ഒരു നിമിഷത്തിൽ ആവണം, അപമാന ഭാരത്താൽ, മാതാപിതാക്കളുടെ പ്രേരണയാൽ, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളിൽ നിന്ന് രക്ഷപെടാൻ മരണഭയം കൊണ്ട് നിങ്ങളുടെ ഭാര്യ ആയത്. ” നിങ്ങൾ ചെയ്തത് പ്രായശ്ചിത്തമാണെന്നത് നിങ്ങളുടെ മൗഢ്യത മാത്രമാണ്. അവൾ പകയുള്ള പെണ്ണാവണം എന്ന് ആത്മാർത്ഥമായും ഞാനാഗ്രഹിക്കുന്നു. “.

ഹണി ഭാസ്‌കരന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”ജീവിതത്തിൽ ആദ്യമാണ് ഒരാൾ തന്റെ റേപ്പ് കഥ പറയുന്നത് നേരിട്ട് കേൾക്കേണ്ടി വരുന്നത്. ഇരകൾ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ വേട്ടക്കാരനെ കേട്ടതിന്റെ നടുക്കം. അതെത്രത്തോളമെന്ന് ഈ എഴുത്തിനും അപ്പുറമാണ്.

ആ സ്തംഭനാവസ്ഥയിൽ നിന്ന് കര കയറാൻ എന്റെ കഴിഞ്ഞ രണ്ടു രാത്രികൾക്കും സാധിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു കാലമായി നിരന്തരം കാണേണ്ടി വരുന്ന ഹിന്ദിക്കാരൻ മനുഷ്യൻ. അച്ഛനോളം പ്രായമുണ്ട്. ചെമ്പിച്ച മുടിയും ഒത്ത ആകാരവും തീക്ഷ്ണത്തിളക്കളുള്ള പൂച്ചക്കണ്ണുകളുമായ് അയാൾ മുന്നിൽ വന്നു നിൽക്കുമ്പോഴെല്ലാം ഹിന്ദി സിനിമയിലെ വില്ലനെ എനിക്കോർമ്മ വരും. വലിയ മോതിര വളയങ്ങളുള്ള വിരലുകൾ. തീവ്രമായ നോട്ടം അയാളെ സംബന്ധിച്ച് വളരെ സ്വാഭാവികമായിരുന്നെങ്കിലും അസ്വഭാവികമായ എന്തോ ഒന്ന് എനിക്ക് തോന്നിയതെന്തെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

“മകളാണെന്റെ എല്ലാം ” അവേശത്തോടെ മകളുടെ കല്യാണ ഫോട്ടോ കാണിക്കുന്നതിനിടയിലാണ് ഞാൻ ഭാര്യയെ ശ്രദ്ധിക്കുന്നത്.

“അമ്മയെ പോലെ അതി സുന്ദരിയാണ് മകളും ” മൊബൈലിൽ ഫോട്ടോസ് സ്ക്രോൾ ചെയ്തു നോക്കി ഞാൻ പറഞ്ഞു. ”

” യൂ നോ, ഐ ഗോട്ട് ഹേർ ഫ്രം ദി സ്ട്രീറ്റ് “.

ഏതോ അനാഥ ജൻമത്തിന് ജീവിതം നൽകിയ മനുഷ്യൻ എന്ന ഞെട്ടലോടെ, ആദരവോടെ ഞാൻ പറഞ്ഞു.

” യു ആർ സച്ച് ഏ ഗ്രേറ്റ് ഹ്യൂമൻ ബീയിംഗ്”.

അയാൾ ഉച്ചത്തിൽ ചിരിച്ചു.

“നോ ബേട്ടാ… ഇറ്റ് ഈസ് എ ഡിഫ്രന്റ് സ്റ്റോറി.
ഐ കിഡ്നാപ്പ്ഡ് ഹേർ, ദാറ്റ് റ്റൈം ഷി വാസ് ജസ്റ്റ് സിക്സ്റ്റീൻ. ലേറ്റർ ഷി ബികെയിം മൈ വൈഫ് “.

അയാൾ വാങ്ങിച്ചു തന്ന തണ്ണിമത്തൻ ജ്യൂസ് എന്റെ തൊണ്ടയിൽ വിക്കി.

അയാൾ വളരെ ലാഘവത്തോടെ തന്റെ കഥ പറഞ്ഞു.

ധനിക ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ചയാൾ. അവൾ അതേ പോലൊരു ധനിക കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച പെണ്ണ്. കോളേജിൽ പോകുമ്പോഴൊക്കെ അയാൾ അവളെ പിന്തുടരും. മിണ്ടാൻ ശ്രമിക്കും. അവൾ ശ്രദ്ധിക്കില്ല. പ്രണയം പറഞ്ഞു അതും നിരസിച്ചു.

അയാൾ പ്രകോപിതനായി. ഒരു ദിവസം സന്ധ്യക്ക് അവൾ വീട്ടിലേക്ക് മടങ്ങും വഴി തട്ടി കൊണ്ടു പോയി. 5 ദിവസം ഹോട്ടൽമുറിയിലിട്ട് നിരന്തരം പീഡിപ്പിച്ചു. ആറാം ദിവസം അയാളുടെ വാഹനം കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത മാധ്യമങ്ങളിൽ വന്നു. 45 ദിവസത്തെ ജയിൽവാസം.

പുറത്തിറങ്ങിയപ്പോൾ അയാൾ അവളുടെ അച്ഛനെ കണ്ടു. അവൾക്ക് സമ്മതമാണെങ്കിൽ വിവാഹം കഴിക്കാമെന്നേറ്റു. ദിവസങ്ങൾക്ക് ശേഷം അവൾ സമ്മതിച്ചു. കേസ് തേഞ്ഞു മാഞ്ഞു. അവളെ കൂടെ കൂട്ടി. കഴിഞ്ഞ രണ്ടു വർഷം മുമ്പേയാണ് അവളെ രജിസ്റ്റർ വിവാഹം ചെയ്തത്.

അയാൾ വളരെ നിസാരമായി ചിരിച്ചു കൊണ്ട് പറഞ്ഞു തീർത്തപ്പോഴും എനിക്കിരുന്ന ഇരുപ്പിൽ നിന്ന് ഒരിഞ്ച് അനങ്ങാനായില്ല.

“എന്തിനായിരുന്നത് ” കാമം?

“അതെ… സിനിമയിലെ ഹീറോയിനെ വെല്ലുന്ന സൗന്ദര്യം. എന്നെ ഇഷ്ടമല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞത് പക ഉണ്ടാക്കി. അതിനു ഞാൻ പകരം വീട്ടി. എന്നെയൊരാൾ എതിർക്കുന്നതെനിക്ക് സഹിക്കില്ല അന്നുമിന്നും”.

അയാളുടെ ആണഹന്തക്കു മീതെ ഒന്നു നീട്ടി തുപ്പാൻ പോലും അവാതെ സങ്കടം കൊണ്ടോ ദേഷ്യം കൊണ്ടോ ഉടൽ വിറച്ച് ആൾക്കൂട്ടത്തിരക്കിൽ ഞാനിരുന്നു.

” ആ അഞ്ചു ദിവസം അവളെതിർത്തില്ലേ …”?

” ഇല്ല. അവൾ സംസാരിച്ചിട്ടേയില്ല … അത്ര ഭയന്നു പോയിരുന്നു. കരുണയില്ലാത്ത എന്റെ ബലപ്രയോഗത്തിൽ അവളുടെ ശരീരവും തളർന്നിരുന്നു. കൂനിക്കൂടി ഇരുന്ന് കരയുക മാത്രം ചെയ്തു. പതിനാറു വയസ്സിൽ അത്ര ചെറുതായിരുന്നവൾ “.

“യാ… അള്ളാ… തലക്ക് കൈ കൊടുത്ത് ഞാൻ ടേബിളിൽ തലകുമ്പിട്ടിരുന്നു. പിന്നെ പരിസരം മറന്ന് ഒച്ചയില്ലാതെ കരഞ്ഞു.

തീർച്ചയായും എന്റെയാ കരച്ചിലിൽ അയാൾ പകച്ചു പോയിട്ടുണ്ട്.

അയാളെന്റെ തോളിൽ ആശ്വസിപ്പിക്കാനെന്ന പോലെ തൊട്ടു “സില്ലി ഗേൾ. അവളാ അഞ്ചു ദിവസമേ കരഞ്ഞിട്ടുള്ളൂ. ഞാൻ ഭാര്യയായി കൂടെ താമസിപ്പിച്ച ശേഷം അവൾക്ക് കരയേണ്ടി വന്നില്ല. സകലതും നേടി കൊടുത്തു. എനിക്ക് കേരളത്തിലും ഫ്ലാറ്റുണ്ട്. സി.സി. റ്റി.വി അടക്കം സകല സജ്ജീകരണത്തോടെ. കൊച്ചി എനിക്ക് വളരെ പരിചിതമാണ്”

ഞാനയാളുടെ കൈ തട്ടി മാറ്റി.

” ആ അഞ്ചു ദിവസം അവൾ നേരിട്ട ഭയത്തെ കുറിച്ച്, പീഢയെ കുറിച്ച് ഇനിയുമൊരു അമ്പത് വർഷക്കാലം കൂടെ ജീവിച്ചാലും നിങ്ങൾക്ക് മനസിലാവില്ല മിസ്റ്റർ. ജീവിതം അവസാനിച്ചു എന്നുറപ്പിച്ച ഒരു നിമിഷത്തിൽ ആവണം, അപമാന ഭാരത്താൽ, മാതാപിതാക്കളുടെ പ്രേരണയാൽ, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളിൽ നിന്ന് രക്ഷപെടാൻ മരണഭയം കൊണ്ട് നിങ്ങളുടെ ഭാര്യ ആയത്. ” നിങ്ങൾ ചെയ്തത് പ്രായശ്ചിത്തമാണെന്നത് നിങ്ങളുടെ മൗഢ്യത മാത്രമാണ്. അവൾ പകയുള്ള പെണ്ണാവണം എന്ന് ആത്മാർത്ഥമായും ഞാനാഗ്രഹിക്കുന്നു. “.

അയാളുടെ ചിരി മങ്ങി. അരുതാത്തത് കേട്ട പോലെന്നെ തുറിച്ചു നോക്കി.

ഞാനവിടുന്നിറങ്ങി നടന്നു. റേപ്പ് ചെയ്യപ്പെട്ട പല പെൺമുഖങ്ങൾ, മുഖമില്ലാത്തവർ ചിന്തകളെ തലങ്ങും വിലങ്ങും പൊള്ളിച്ചു. നടത്തത്തിനിടയിലുടനീളം കരഞ്ഞു രാത്രിക്കാഴ്ച്ച മങ്ങി.

ഫോണിൽ സുഹൃത്തിനോട് ഞാനിത് പുലമ്പിക്കൊണ്ടിരിക്കെ അവൻ പറഞ്ഞു.

“ഒരിക്കൽ എന്റെ കാല് തട്ടി പെങ്ങളുടെ കുട്ടി വാതിലിൽ തലയടിച്ച് വീണ് പരിക്ക് പറ്റി. 7 സ്റ്റിച്ച് ഉണ്ടായിരുന്നു. മനപ്പൂർവ്വം അല്ലാതിരുന്നിട്ടും ആ മുറിവുണങ്ങുവോളം പലപ്പഴും സങ്കടം സഹിക്കാതെ ബാത്റൂമിൽ കേറി നിന്ന് കരയുമായിരുന്നു. അഞ്ചു ദിവസം അടച്ചിട്ട മുറിയിൽ പുറം ലോകം കാണിക്കാതെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ പീഢിപ്പിച്ച അയാളൊന്നും പുരുഷനോ മനുഷ്യനോ അല്ല…. നീ സമാധാനമായിരിക്കൂ”.

ഉറക്കമില്ലാത്തതിന്റെയാവണം പുലർച്ചെ ശർദ്ധിലിൽ ചോരനിറത്തോടെ തലേ ദിവസത്തെ തണ്ണിമത്തൻ ജ്യൂസ് പുറംതള്ളപ്പെട്ടപ്പോൾ ഏതോ അഴുക്ക് ഒഴിഞ്ഞു പോയ പോലെ ആശ്വാസം തോന്നി.

മനുഷ്യരെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ലോകത്തെയും…!”

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close