CrimeLatestNationalNewsNews in Brief

ശരവണഭവന്‍ രാജഗോപാലിന് ജയിലില്‍ മരണം: ജീവപര്യന്തം തടവിനിടെ ഹൃദയാഘാതം

By Web Desk

കൊലപാതകക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്ന ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാല്‍ മരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ചെന്നൈയിലായിരുന്നു മരണം. സ്വന്തം ഹോട്ടല്‍ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലായിരുന്നു തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ശനിയാഴ്ച്ച രാത്രി ജയിലില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രാജഗോപാലിന്റെ ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രാജഗോപാല്‍ ശാരീരിക അസ്വസ്ഥതകള്‍ മൂലം ജയില്‍പ്രവേശനം നീട്ടിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോടതിയെ സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ച കോടതി കുറച്ചുനാളുകള്‍ ഇളവു നല്‍കിയിരുന്നു. തുടര്‍ന്നും ജയില്‍പ്രവേശനം നീട്ടിവയ്ക്കണമെന്ന രാജഗോപാലിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ജയിലിലാക്കിയത്.

ഇക്കഴിഞ്ഞ ജൂലായ് 9ന് രാജഗോപാല്‍ കോടതിയില്‍ ഹാജരായത് ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു. ചെന്നൈ സ്റ്റാന്‍ലി ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡിലാണ് രാജഗോപാലിനെ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയാഘാതമുണ്ടായപ്പോള്‍ തന്നെ മകന്‍ ശരവണന്‍ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റാന്‍ കോടതിയുടെ അനുവാദം തേടുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.

2001ലാണ് കേസിന് അടിസ്ഥാനമായ സംഭവമുണ്ടായത്. ശരവണഭവന്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യയായ ജീവ ജ്യോതിയെ തന്റെ മൂന്നാംഭാര്യയാക്കുന്നതിന് വേണ്ടി പ്രിന്‍സിനെ രാജഗോപാല്‍ കൊന്ന് കുഴിച്ചുമൂടി എന്നതായിരുന്നു കേസ്.

ജീവ ജ്യോതിയെ ഭാര്യയാക്കാനുള്ള രാജഗോപാലിന്റെ ശ്രമത്തെ ജീവ ജ്യോതിയും ഭര്‍ത്താവ് പ്രിന്‍സും എതിര്‍ത്തു. ഇതേത്തുടര്‍ന്ന് എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ച് കൃത്യം നടത്തുകയായിരുന്നു.

ശരവണഭവന്‍ ചെന്നൈ ബ്രാഞ്ച് മാനേജരുടെ മകളാണ് ജീവജ്യോതി. ഇവരെ മൂന്നാംഭാര്യയാക്കിയാല്‍ കച്ചവടത്തിലും ധനസ്ഥിതിയിലും ഉയര്‍ച്ചയുണ്ടാവുമെന്ന് ഒരു ജ്യോതിഷി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജീവജ്യോതി പക്ഷേ വിവാഹത്തിന് സമ്മതിച്ചില്ല. തന്റെ സഹോദരനെ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രിന്‍സ് ശാന്തകുമാരനെ ജീവ ജ്യോതി 1999ല്‍ വിവാഹം കഴിച്ചു. 2001ല്‍ പ്രിന്‍സ് ശാന്തകുമാരനും ശരവണ ഭവനില്‍ ജോലി ലഭിച്ചു.

പക്ഷേ ഇതിനിടയിലും തന്നെ ജീവജ്യോതി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. 2001ല്‍ പ്രിന്‍സ്-ജീവജ്യോതി ദമ്പതികള്‍ രാജഗോപാലിനെതിരെ പാലീസില്‍ പരാതിയ നല്‍കിയിരുന്നു.

എന്നാല്‍ അധികം വൈകാതെ രാജഗോപാലിന്റെ സഹായികള്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് ജീവജ്യോതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. 2001 ഒക്ടോബര്‍ 3ന് കൊടൈക്കനാലിലെ ടൈഗര്‍ ചോളവനത്തില്‍ നിന്ന് ശാന്തകുമാറിന്റെ മൃതശരീരം കണ്ടെത്തി. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.

സംഭവത്തില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കുശേഷം നവംബര്‍ 23ന് രാജഗോപാല്‍ പോലീസില്‍ കീഴടങ്ങിയെങ്കിലും 2003 ജൂലൈ 15ന് ജാമ്യം ലഭിച്ചു. പക്ഷേ ജാമ്യത്തിലിറങ്ങിയ രാജഗോപാല്‍ ജീവജ്യോതിയുടെ തേത്തുക്കുടിയിലെ വീട്ടിലെത്തി 6 ലക്ഷം രൂപ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു. ജീവ ജ്യോതിയെ പേടിപ്പിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ വീട്ടിനകത്തുകയറി അവരുടെ കുടുംബാംഗങ്ങളെയും സഹോദരനെയും വെല്ലുവിളിച്ചു. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും രാജഗോപാല്‍ രക്ഷപ്പെടുകയായിരുന്നു.

2009ല്‍ മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ ശിക്ഷിച്ചുവെങ്കിലും ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം നല്‍കി. ജീവപര്യന്തം തടവുശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.

ജയിലില്‍ വച്ചുള്ള മരണത്തോടെ ഇല്ലാതായത് കൊലക്കേസിലെ പ്രതി മാത്രമല്ല ഇന്ത്യയിലാകെ 25 ഹോട്ടലുകളും അമേരിക്കയിലും ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും അടക്കം 20 രാജ്യങ്ങളിലും ഹോട്ടലുകളുള്ള വമ്പന്‍ ശൃംഖലയുടെ ഉടമയുമാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close