LatestNationalNewsNews in Brief

ബംഗാളില്‍ പരസ്യ പ്രചാരണം രണ്ടുദിവസം മുമ്പേ അവസാനിപ്പിച്ച് അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തൃണമൂല്‍- ബിജെപി അക്രമം അവസാനിപ്പിക്കാനെന്ന് കമ്മീഷന്‍; പ്രചാരണം ഇന്ന് രാത്രി 10ന് അവസാനിക്കും

By Web Desk

ശ്ചിമബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അവശേഷിക്കുന്ന 9 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം അവസാനിക്കാന്‍ വെള്ളിയാഴ്ച്ച വരെ സമയമുണ്ടായിട്ടും ഇന്ന് രാത്രി പത്ത് മണിക്ക് തന്നെ പ്രചാരണം അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത് അസാധാരണ നടപടിയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വെള്ളിയാഴ്്ച്ച വൈകീട്ട് അഞ്ചിനായിരുന്നു കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടം നടത്തുന്ന ബിജെപിയും തമ്മില്‍ വന്‍ തോതില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രചാരണം രണ്ടുദിവസം മുമ്പേ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച്ചയാണ് ബംഗാളിലെ അവശേഷിക്കുന്ന 9 മണ്ഡലങ്ങളിലേയ്ക്ക് ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഭരണഘടനയുടെ 324ആം വകുപ്പനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടുദിവസം മുമ്പേ പ്രചാരണത്തിന് തിരശ്ശീല താഴ്ത്തിയത്. ഇതാദ്യമായാണ് ഇത്തരമൊരു നടപടി.

ക്രമസമാധാന പാലനത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്നാരോപിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും സിഐഡിയുടെ ചുമതലയുള്ള എഡിജിപിയെയും ചുമതലയില്‍ നിന്ന് മാറ്റാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.

അവസാന ഘട്ടത്തില്‍ ബംഗാളിലെ ഡംഡം, ബരാസത്, ബാസിര്‍ഹാട്ട്, ജയനഗര്‍, മതുരാപുര്‍, ജാദവ്പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, നോര്‍ത്ത് കൊല്‍ക്കത്ത, സൗത്ത് കൊല്‍ക്കത്ത എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കേണ്ടത്.
വ്യാപകമായ അക്രമങ്ങളാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും തൃണമൂല്‍കോണ്‍ഗ്രസും നടത്തുന്നത്. കൊല്‍ക്കത്തയില്‍ ചൊവ്വാഴ്ച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ തെരുവുപ്രദര്‍ശനമായ റോഡ് ഷോയ്ക്കിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ബംഗാളിലെ സാമൂഹ്യപരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബിജെപി അക്രമികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനമെങ്ങും അക്രമപരമ്പരകളാണ് നടന്നത്. തെരുവുപ്രദര്‍ശനത്തിനിടെയുണ്ടായ അക്രമങ്ങളുടെ പേരില്‍ അമിത് ഷായ്‌ക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുക്കുകയും ചെയ്തു.

കൊല്‍ക്കത്ത സര്‍വ്വകലാശാലയ്ക്കരികില്‍ വച്ച് തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത്ഷായ്‌ക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സര്‍വ്വകലാശാലാ വളപ്പില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ കല്ലേറുണ്ടായതോടെ ബിജെപി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലാ വളപ്പില്‍ കയറി അക്രമം നടത്തുകയും വിദ്യാസാഗറിന്റെ പ്രതിമ എറിഞ്ഞുടയ്ക്കുകയുമായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close