KeralaLatestNewsNews in Brief

റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു: ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യതയില്ല

By web desk

ചൊവ്വാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടുകള്‍ ഇല്ല. ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ചുവപ്പ് ജാഗ്രത നല്‍കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച പകല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന പ്രവചനത്തെ തുടര്‍ന്നാണ് ചുവപ്പ് ജാഗ്രത പിന്‍വലിച്ചത്.

അതേസമയം നിലവില്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കരുതുന്നത്. അതിനിടെ ആന്ധ്രാ- തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് കനത്ത മഴയ്ക്ക് കാരണമായേക്കും.

തുലാമഴ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ 38 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കനത്ത വെള്ളക്കെട്ടുണ്ടായ എറണാകുളം സൗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെമീ മഴയാണ് പെയ്തത്. മേഘവിസ്‌ഫോടനത്തെ ഓര്‍മ്മപ്പെടുത്തും വിധം കുറഞ്ഞ സമയം കൊണ്ടു ശക്തമായി പെയ്യുന്ന ഇത്തരം ഒറ്റപ്പെട്ട മഴ ഇനിയും ആവര്‍ത്തിക്കാനാണ് സാധ്യത.

അതേസമയം ഇന്നു വൈകുന്നേരം വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വൈകുന്നേരത്തിന് ശേഷം സാഹചര്യങ്ങള്‍ എങ്ങനേയും മാറാമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close