KeralaLatestNewsNews in BriefOtherSports

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്, അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

By web desk

പാലായില്‍ കായികമേളയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ മത്സരങ്ങള്‍ ഒരേ സമയം സംഘടിപ്പിച്ചുവെന്ന് ആര്‍ഡിഒയുടെ അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെ തുടര്‍ന്ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. അതേസമയം തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഫീല്‍ ജോണ്‍സന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ച നടന്ന ഹാമര്‍ത്രോ മത്സരത്തിനിടെയാണ് മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ച് വോളന്റിയറായിരുന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് കാരണം വിദ്യാര്‍ത്ഥിയുടെ അശ്രദ്ധയാണെന്ന അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളുടെ വാദം തള്ളുന്നതാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലീസിന് പുറമെ പാലാ ആര്‍ഡിഒ നടത്തിയ അന്വേഷണത്തിലും സംഘാടകരുടെ വീഴ്ച വ്യക്തമായി. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ജാവലിന്‍, ഹാമര്‍ത്രോ മത്സരങ്ങള്‍ ഒരേ സമയം നടത്തിയതിന് പുറമെ ഒരേ ഫിനിഷിങ് പോയിന്റാണ് നിശ്ചയിച്ചത്. ഇതാണ് അപകടം ഉണ്ടാകാന്‍ മുഖ്യകാരണമെന്ന് ആര്‍ഡിഒ കണ്ടെത്തി.

മത്സരാര്‍ത്ഥി എറിഞ്ഞ ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് അഫീല്‍ നീങ്ങുമ്പോഴായിരുന്നു അപകടം. ഈ സമയം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരവും നടക്കുകയായിരുന്നു. മൂന്നു കിലോയുള്ള ഹാമര്‍ 35 മീറ്റര്‍ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്ത് നെറ്റിയില്‍ പതിച്ചു.ഹാമര്‍ പറന്ന് വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞ് മാറാനായില്ല. ബോധംകെട്ട് കമിഴ്ന്ന് വീണ വിദ്യാര്‍ത്ഥിയെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മികച്ച ഫുട്ബാള്‍ താരമായ അഫീലിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു.

സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അഫീലിന്റെ ചികിത്സ സഹായം സര്‍ക്കാര്‍ ഏറ്റെടുത്തു. മൂന്നര കിലോ ഭാരമുള്ള ഹാമര്‍ പതിച്ച് അഫീലിന്റെ തലയോട്ടി പൂര്‍ണമായും തകര്‍ന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ഗുരുതരമായ അപകടം നടന്നിട്ടും മീറ്റ് നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇന്ന് രാവിലെ സംഘാടകര്‍ മീറ്റ് നിര്‍ത്തിവെച്ചത്. അഫീലിന്റെ ചികിത്സയ്ക്കായി പാലാ നഗരസഭ അഞ്ച് ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close