FootballLatestNewsNews in BriefSports

പനാമ: ഒരൊറ്റ ഗോൾ കൊണ്ട് ലോകം ജയിച്ചവർ

പനാമയ്‌ക്കെതിരെ 1-6 എന്ന സംഹാരതാണ്ഡവതുല്യമായ മാര്‍ജിനില്‍ അര്‍മാദിച്ച് ജയിച്ച് ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തിയെങ്കിലും ഒരേയൊരു അടി കൊണ്ട് ഇംഗ്ലണ്ടിന്റെ മണ്ണും ആകാശവും പാതാളവും അളന്നിട്ട പനാമയാണ് താരം. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും കാല്‍പ്പന്തുകളിയുടെ ചരിത്രത്തിനകത്ത് അവര്‍ ശിരസ്സുയര്‍ത്തിനില്‍ക്കും. എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര.

 

നാമയ്ക്കിന്ന് ദേശീയ അവധിയായിരുന്നു. ലോക വമ്പന്മാരായ ഇംഗ്ലണ്ടിനെ റഷ്യയിലെ ലോകകപ്പ് വേദിയിൽ നേരിടുമ്പോൾ മറ്റെല്ലാം അവർ മാറ്റി വെച്ചു. പനാമയുടെ ദേശീയ ഗാനത്തിനൊപ്പം ടോറസും സംഘവും തൊണ്ട പൊട്ടിക്കുമ്പോൾ ടീം കോച്ച് ഗോമസ് മാത്രം അർത്ഥഗർഭമായി ചിരിച്ചു നിന്നു. പനാമയ്ക്ക് അമിതമായ മോഹങ്ങൾ ഉണ്ടായിരുന്നുവോ? അല്ലെങ്കിൽ ഇത്രയും വാശിയിൽ രണ്ട് പെനാൽട്ടി വഴങ്ങാൻ മാത്രം ഫൗൾ പ്ലേ അവർ കളിച്ചതെന്തുകൊണ്ടായിരിക്കും?

ആദ്യ പകുതിയിൽ അഞ്ച് വട്ടം പനാമയെ കുലുക്കിയ ഇംഗ്ലീഷ് മിടുക്ക് ഹാരി കെയ്ന് മാത്രം പതിച്ചു കൊടുക്കുന്നത് നീതിയല്ല. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തുടങ്ങി മൂന്നു വട്ടം ഫൗളിന് വിധേയമാക്കുകയും വേദനയിലും തുടർന്ന് കളിച്ചും ഒരു പെനാൽട്ടി ക്ക് കാരണക്കാരനാകുകയും ചെയ്ത ലിംഗാർഡ് എന്ന ചെറുപ്പക്കാരൻ മിഡ്ഫീൽഡറാണ് ഇംഗ്ലീഷ് നിരയിലെ ഇന്നത്തെ താരം. മുപ്പത്തിയാറാം മിനുറ്റിൽ ലിംഗാർഡ് വലതുളച്ച് കയറ്റിയ ആ ലോംഗ് റേഞ്ചറിനേക്കാൾ സുന്ദരമായ മറ്റൊരു ഗോൾ ഇന്നില്ല തന്നെ!

ഇംഗ്ലണ്ടിന് വേണ്ടി ഹാട്രിക് നേടിയ ഹാരി കെയ്ന്‍

പെനാൽറ്റി കിക്കിന്റെ കൃത്യതയും വേഗവും കൊണ്ട് ഹാരി കെയ്ൻ എന്ന ക്യാപ്റ്റൻ മറ്റുള്ളവരിൽ നിന്നും എത്രമാത്രം മികച്ചു നില്ക്കുന്നുവെന്നത് ഒരേ ഗതിയിൽ മറുപടിയില്ലാതെ ഗോളായി മാറിയ ഇരുപത്തിരണ്ടും നാല്പത്തിയാറും മിനുറ്റുകളിലെ ആ വലംകാൽ ബുള്ളറ്റ് ഷോട്ടുകൾ കണ്ടാൽ ബോധ്യമാകും. സ്റ്റോൺസിന്റെ ഇരട്ട ഹെഡർ ഗോളുകൾ, കെയ്ൻ പോലും പ്രതീക്ഷിക്കാതെ കിട്ടിയ അറുപത്തിരണ്ടാം മിനിറ്റിലെ റിഫ്ലക്ട് ചെയ്ത് കയറിയ ഗോൾ എല്ലാം തീർന്ന് ലിംഗാർഡിനും ഹാട്രിക് നേടിയ കെയ്നും വിശ്രമം അനുവദിച്ചിരിക്കുമ്പോൾ കളിയുടെ എഴുപത്തെട്ടാം മിനുറ്റ്.

അറുപത്തിമൂന്നാം മിനിറ്റിലും അറുപത്തി ഒൻപതാം മിനിറ്റിലും പകരക്കാരായിറങ്ങിയ അവിലയും ബാലോയും. ഗോൾ പോസ്റ്റിന്റെ ഇടതു വശത്ത് നിന്നും അവിലയുടെ ഫ്രീ കിക്കിൽ കാൽ വെച്ച ബാലോയുടെ കൃത്യതയ്ക്ക് മുൻപിൽ പിക്ക് ഫോർഡ് നിസ്സഹായനായി നിന്ന നിമിഷം. ഇംഗ്ലണ്ട് മത്സരത്തിൽ ആദ്യമായി പരാജയപ്പെട്ട നിമിഷവും കൂടിയായിരുന്നു. മുപ്പത്തിയേഴുകാരനായ ബാലോയ് പുകൾപെറ്റ ബ്രിട്ടീഷ് വലയിൽ അടിച്ചു കയറ്റിയ ആ ഒരേയൊരു ഗോൾ മതിയായിരുന്ന പനാമേനിയൻ ജനതയ്ക്ക്. അവരുടെ ആഘോഷങ്ങൾ ഇനിയും നിലച്ചിട്ടില്ല.

ഒരു പക്ഷേ ഇംഗ്ലണ്ട് ലോകകപ്പ് ജയിച്ചേക്കാം. പക്ഷെ അവർക്കും മുൻപ് റഷ്യയിലെ ഈ ലോകകിരീടം പനാമ നേടിയിരിക്കുന്നു. ആ ഒരൊറ്റഗോളിലൂടെ. ഫുട്ബോൾ ചിലപ്പോഴൊക്കെ ഇങ്ങിനെയാണ്. പനാമ ഒരു പക്ഷെ ദുർബ്ബലരായിരിക്കാം. ഒന്നാം പകുതിയിൽ അഞ്ചു ഗോൾ വഴങ്ങുകയെന്നത് അസഹനീയം തന്നെയാണ്. 2014 ലെ വേൾഡ് കപ്പിൽ ബ്രസീൽ വലയിലും ജർമനി ആദ്യ പകുതിയിൽ അഞ്ചെണ്ണം അടിച്ചിരുന്നുവല്ലോയെന്നും അതിനു ശേഷം മാത്രമല്ലോ തങ്ങൾക്കീ ഗതിയെന്നും മാത്രം പനാമ ആശ്വസിക്കട്ടെ!

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close