FootballLatestNewsSports

മൊറോക്കോ കളിച്ചു പോർച്ചുഗൽ ജയിച്ചു

പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാൽ എഴുതുന്ന ഫുട്ബോൾ പരമ്പര

കളിച്ച സ്പെയിനെ സമനിലയ്ക്കിട്ട റൊണാൾഡോ മാജിക് ആഫ്രിക്കൻ വീറുറ്റ മൊറോക്കോയുടെ റഷ്യൻ ലോകകപ്പ് പ്രതീക്ഷ തകർത്തു. കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കയറിയ പോർച്ചുഗീസ് സംഘം നാലാം മിനുറ്റിൽ നേടിയ കോർണറിൽ നിന്നും താഴ്ന്നു വന്നിറങ്ങിയ പന്തിനെ ഒരു ഷാർപ്പ് ഹെഡറിലൂടെ ക്രിസ്റ്റ്യാനോ വലയിലേക്ക് ചെത്തിയിടുമ്പോൾ ലുഷ്നിക്കി സ്റ്റേഡിയത്തിലെ റൊണോ ആരാധകർ പൊട്ടിത്തെറിക്കുകയായിരുന്നു.

ലോകകപ്പിലെ നാലാം ഗോൾ നാലാം മിനുറ്റിൽ റൊണോ നേടുമ്പോൾ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരഗോളുകളുടെ എണ്ണത്തിൽ ഹംഗേറിയൻ സ്ട്രൈക്കർ ഫ്റെങ്ക് പുഷ്കാസിന്റെ റെക്കോർഡ് പിന്നിട്ട് എൺപത്തിയഞ്ചിലേക്കെത്തിയിരുന്നു ലിസ്ബണിലെ ഗോൾ മെഷീൻ.
തുടക്കത്തിൽ തന്നെ ഗോളടിച്ചതിനാൽ പിന്നെ ക്രിസ്റ്റ്യാനോയുടെ നിഴൽ മാത്രമായിരുന്നു മൈതാനം കണ്ടത്.

ഏക ഗോളിൽ കടി വിടാതെ തൂങ്ങിയാടുവാൻ പോർച്ചുഗൽ തീരുമാനിക്കുകയും പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തതോടെ റൊണാൾഡോയുടെ മാന്ത്രികക്കാലുകൾ തീർക്കുന്ന കാല്പനികത അനുഭവിയ്ക്കാൻ വന്നവർ നിരാശരായി. എന്നാൽ മറുവശത്ത് മൊറോക്കോ മികച്ച ആക്രമണാത്മക ഫുട്ബോൾ കളിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച അറ്റാക്കിംഗ്‌ ഗെയിം മൊറോക്കോ കാഴ്ചവെച്ചു.

ഇരു ടീമുകളും നാൽപതിലധികം ഫൗളുകൾക്ക് കാരണക്കാരും വിധേയരുമായി. റഫറിയുടെ തിരുമാനങ്ങൾ പലവട്ടം ചോദ്യം ചെയ്യപ്പെട്ടു. ഫിനിഷിംഗിലുള്ള ദൗർബ്ബല്യവും പോർച്ചുഗീസ് ഗോൾകീപ്പർ പാട്രീഷ്യോയുടെ ബാറിനു കീഴിലെ ഉജ്ജല പ്രകടനവും കുറഞ്ഞത് മൂന്നു ഗോളിനെങ്കിലും ജയിക്കാമായിരുന്ന മെറോക്കോയെ പുറത്താക്കി. ബെൽ ഹാൻഡയുടെയും ബൊട്ടെയ്ബിന്റെയുമൊക്കെ കാലുകൾ ഗോൾ പോസ്റ്റിലേക്ക് പലവട്ടം ഇരമ്പിക്കയറി വന്നു.

പ്രതിരോധത്തിൽ പെപ്പെയും സംഘത്തിനും താങ്ങായി ക്രിസ്റ്റ്യാനോയും കൂട്ടരും മുന്നേറ്റത്തിൽ നിന്നും പിൻ വാങ്ങിക്കളിച്ചതോടെ തൊണ്ണൂറ്റിയാറ് മിനുട്ട് നീണ്ടിട്ടും ഗോൾ മടക്കാനാകാതെ മൊറോക്കോ മടങ്ങി.

എൺപത്തിയൊൻപതാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ പോർച്ചുഗലിന്റെ അഡ്രിയാൻ സിൽവ മൂന്നു മിനിറ്റിനകം ടൈം വേസ്റ്റിംഗിന് മഞ്ഞക്കാർഡ് വാങ്ങിക്കുമ്പോൾ പോർച്ചുഗീസ് തന്ത്രത്തിന്റെ പരസ്യ പ്രഖ്യാപനമായത് മാറി. പന്ത് കൂടുതൽ സമയം കൈവശം വെക്കുകയും കൂടുതൽ ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുക്കുകയും കോർണറുകൾ അധികം നേടുകയും ചെയ്തിട്ടും മൊറോക്കോ തോറ്റെങ്കിൽ അതിനുള്ള ഉത്തരം തേടി മറ്റെങ്ങും പോകേണ്ടതില്ല. ആ മൈതാനത്ത് വെള്ളക്കുപ്പായത്തിൽ ഏഴാം നമ്പറിൽ നെയ്മറിന്റെ ഭാഷയിൽ മനുഷ്യനല്ലാത്ത ഒരു അന്യഗ്രഹ ജീവി കളിക്കാനിറങ്ങിയിരുന്നു.

ക്രിസ്റ്റ്യാനോയും പതിനൊന്ന് മൊറോക്കോക്കാരും എന്ന ഇന്നത്തെ കളിയദ്ധ്യായം അവസാനിക്കുമ്പോൾ ഒരു കാര്യം തീർച്ച; പോർച്ചുഗൽ ക്വാർട്ടർ എത്തിയാൽ മഹാനായ പോർച്ചുഗീസ് ഇതിഹാസം യുസേബിയോയുടെ ഒൻപത് ലോകകപ്പ് ഗോളുകൾ എന്ന സുവർണ്ണ അടയാളം റൊണാൾഡോ മറികടക്കുക തന്നെ ചെയ്യും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close