KeralaLatestNewsNews in Brief

സുപ്രീംകോടതിക്കെതിരെ പ്രകാശ് കാരാട്ട്; അയോധ്യ, ശബരിമല വിധികള്‍ ഭൂരിപക്ഷത്തോടുള്ള സന്ധി ചെയ്യലെന്ന് വിമര്‍ശനം

By web desk

യോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികളില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധിചെയ്‌തെന്നാണ് കാരാട്ടിന്റെ വിമര്‍ശനം. കോടതി എക്‌സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണെന്നും ഭൂരിപക്ഷവാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

‘സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം. അയോധ്യാ കേസിലെ വിധിന്യായം, ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്, ഇലക്ടറല്‍ ബോണ്ട്, കശ്്മീര്‍ വിഷയം തുടങ്ങിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേയെന്നും കാരാട്ട് ചോദിക്കുന്നു.

അയോധ്യ വിധിയില്‍ വിശ്വാസത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. വിധി മതനിരപേക്ഷതക്കായി നിലകൊള്ളുന്നതിലെ പരാജയം വെളിപ്പെടുത്തുന്നുവെന്ന് കാരാട്ട് നിരീക്ഷിക്കുന്നു. അയോധ്യയിലെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യുമെന്നും കാരാട്ട് പറയുന്നു.

ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും കാരാട്ട് വിമര്‍ശിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇതെന്ന് കാരാട്ട് ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നുവെന്ന് കാരാട്ട് വിശദീകരിക്കുന്നു. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെയും കാരാട്ട് വിമര്‍ശിക്കുന്നുണ്ട്. ഗൊഗോയിയുടെ കാലത്ത് കോടതി എക്‌സിക്യൂട്ടീവിന് വഴങ്ങി. എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പാണെന്ന് കാരാട്ട് ലേഖനത്തില്‍ പറയുന്നു.
അടുത്തകാലത്ത് ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close